അർജുൻ ആയങ്കിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും, കാപ്പ ചുമത്താൻ പൊലീസ് നീക്കം

 
arjun

കണ്ണൂർ: അറസ്റ്റിലായ അർജുൻ ആയങ്കിയെ പൊലീസ് കൂത്തുപറമ്പ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. കണ്ണൂരിലെ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുനെ കൊച്ചിയിലേക്ക് കൊണ്ടുപോകും. അർജുന്റെ രണ്ട് കൂട്ടാളികളെ വളപട്ടണം പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

കണ്ണൂർ നഗരത്തിലെ ഒരു അപ്പാർട്ട്മെന്റിൽ അഭിഭാഷകരെ കാണാനെത്തിയപ്പോഴാണ് പുലർച്ചെ രണ്ടരയോടെ അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് എത്തിയത് മനസ്സിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.

വളപട്ടണം പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം അർജുനെതിരെ 12 കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. പുതിയ കേസുകൾ ഉൾപ്പെടെ ആകെ 23 കേസുകളിൽ പ്രതിയാണ് അർജുൻ. രണ്ട് വധശ്രമക്കേസുകൾ, ആയുധം ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരമുള്ള കേസുകളും ഇയാൾക്കെതിരെയുണ്ട്.

2014 മുതൽ സ്ഥിരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന വ്യക്തിയാണ് അർജുൻ എന്നാണ് വിവിധ കേസുകളിൽ നേരത്തെ സമർപ്പിച്ച കുറ്റപത്രങ്ങളിൽ വ്യക്തമാക്കിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അർജുനെതിരെ കാപ്പ (KAAPA) ചുമത്തുന്നതിനുള്ള റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കാനാണ് പൊലീസിന്റെ നീക്കം. അർജുൻ ‘കൊടും ക്രിമിനൽ’ ആണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടും പൊലീസ് നൽകും.

കണ്ണൂർ തളിപ്പറമ്പിലെ ഒരു അപ്പാർട്ട്മെന്റിലാണ് അർജുൻ ഒളിവിൽ കഴിഞ്ഞിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. പൊലീസ് ഒളിത്താവളം കണ്ടെത്തിയതായി സംശയിച്ചതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ പയ്യന്നൂർ ഭാഗത്തേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ ഫോണിൽ നിന്ന് സുഹൃത്തിനെ വിളിച്ച് കാർ വരുത്തുകയും അതിൽ കണ്ണൂർ ടൗണിലെത്തുകയുമായിരുന്നു.

ഓട്ടോ ഡ്രൈവർ പൊലീസിന് വിവരം കൈമാറിയതോടെയാണ് അർജുന്റെ നീക്കം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags

Share this story

From Around the Web