സമൂഹമാധ്യമങ്ങളിൽ അധിക്ഷേപ പരാമർശം നടത്തിയ കേസ്: അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയെന്ന കേസിൽ പ്രതിയായ അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയായിരുന്നു പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി മൂന്ന് ദിവസത്തേക്ക് മാത്രമാണ് അനുവദിച്ചത്. പ്രതിഭാഗം അഭിഭാഷകൻ കസ്റ്റഡിയിൽ വിടരുതെന്നും വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് പൊലീസിന്റെ ശ്രമമെന്നും വാദിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ ലാപ്ടോപ്പ് പിടിച്ചെടുത്തിരുന്നു. അധിക്ഷേപ പരാമർശം നടത്താൻ ഉപയോഗിച്ച പ്രധാന തെളിവായ ഡിജിറ്റൽ ഡിവൈസ് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ സംഘം. കണ്ണൂർ സൈബർ പൊലീസ് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴികളും പൊലീസ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് സംഘം മടങ്ങിയത്. കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഉപകരണം ഏതാണെന്ന് വ്യക്തത വരുത്താൻ പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ പൂർണ്ണമായി വീണ്ടെടുത്ത് പരിശോധിക്കാനാണ് തീരുമാനം. അർജുനിൽ നിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പിടിച്ചെടുത്തിരുന്നെങ്കിലും, കേസിലെ പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് പങ്കുവെക്കപ്പെട്ടതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.