ആണ്‍സുഹൃത്തുമായി തര്‍ക്കം; കാറിന്റെ ബോണറ്റില്‍ ചാടിക്കയറിയ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചു
ലക്‌നൗ: ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ ഓടിക്കൊണ്ടിരുന്ന കാറിന്റെ ബോണറ്റില്‍ ചാടിക്കയറിയ യുവതിയെ റോഡിലൂടെ വലിച്ചിഴച്ചതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലെ ഗോമതി നഗറില്‍ ജനേശ്വര്‍ മിശ്ര പാര്‍ക്കിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ജനേശ്വര്‍ മിശ്ര പാര്‍ക്കിന് സമീപം ആണ്‍സുഹൃത്ത് മറ്റൊരു സ്ത്രീയുമായി സംസാരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് യുവതി ചോദ്യം ചെയ്തതാണ് തര്‍ക്കത്തിന് തുടക്കമായത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ കാറിലുണ്ടായിരുന്നവര്‍ വാഹനം ഓടിച്ച് സ്ഥലത്തുനിന്ന് പോകാന്‍ ശ്രമിച്ചു. കാര്‍ തടയുന്നതിനായി യുവതി വാഹനത്തിന്റെ ബോണറ്റിലേക്ക് ചാടിക്കയറുകയായിരുന്നു.
കാറിന്റെ ബോണറ്റില്‍ പിടിച്ചുനിന്ന യുവതി വാഹനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 'കാര്‍ നിര്‍ത്തൂ' എന്ന് വിളിച്ചു പറയുന്നത് ദൃശ്യങ്ങളില്‍ കാണാം. വാഹനം നിര്‍ത്താന്‍ യുവതി ആവശ്യപ്പെടുന്നതിനിടെ ഡ്രൈവര്‍ പെട്ടെന്ന് കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ബോണറ്റില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണു. സംഭവത്തില്‍ യുവതിക്ക് പരിക്കേറ്റതായാണ് വിവരം. തുടര്‍ന്ന് ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ ഈസ്റ്റ് ഡിസിപി ദീക്ഷ ശര്‍മ്മയുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും ഡിസിപി അറിയിച്ചു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ അപര്‍ണ യാദവ് അറിയിച്ചു.