ബാറില്‍ മദ്യപാനത്തിനിടയിലെ തര്‍ക്കം; പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ മരണം രണ്ടായി

 
VEMPAYAM

വെമ്പായം: ജങ്ഷനിലെ ബാറിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് ആളുകളുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തില്‍ മുഖ്യപ്രതിയും മരണപ്പെട്ടു. 

പോത്തന്‍കോട് നന്നാട്ടുകാവ് മുണ്ടക്കല്‍ ഹൗസില്‍ അനീഷ് (32) ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരിച്ചത്. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ചീരാണിക്കര സ്വദേശി നവാസ് (35) ജൂലൈ 21 ന് ഉച്ചയ്ക്ക് മരിച്ചിരുന്നു.

വെമ്പായം ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സി ബാറിലെ എസി ഹാളില്‍ മദ്യപിച്ചുകൊണ്ടിരുന്ന നവാസ് അടക്കമുള്ള സംഘത്തിനൊപ്പം പരിചയക്കാരനായ അനീഷും എത്തി ചേര്‍ന്നിരുന്നു.

 ഇതിനിടയിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് പുറത്തുപോയ അനീഷ്, അരമണിക്കൂറിനു ശേഷം കന്നാസില്‍ പെട്രോളുമായി തിരിച്ചെത്തുകയായിരുന്നു.


ഇവര്‍ തമ്മില്‍ പിടിവലി നടക്കുന്നതിനിടയില്‍ അനീഷ് കൈയിലിരുന്ന പെട്രോള്‍ മറ്റുള്ളവരുടെ പുറത്തേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നു. 

പെട്രോള്‍ ഒഴിക്കുന്നതിനിടയില്‍ അനീഷിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ച അടുത്ത ടേബിളിലിരുന്ന റിയാസിനും പൊള്ളലേറ്റു.

തീ പടര്‍ന്നതോടെ ബാറിലുണ്ടായിരുന്ന മുപ്പതോളം പേര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. 

സംഭവത്തില്‍ ബാറിലുണ്ടായിരുന്ന മേശ, കസേര, എസി, ഫാന്‍ തുടങ്ങിയ സാധനസാമഗ്രികള്‍ പൂര്‍ണമായും കത്തിനശിച്ചു. പരിക്കേറ്റ മറ്റ് ആളുകള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Tags

Share this story

From Around the Web