ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രമാക്കിയുള്ള പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യാന്‍ അര്‍ജന്റീന

ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ സ്‌കൂളുകളില്‍ ഫ്രാന്‍സിസ് പാപ്പയെ കേന്ദ്രീകരിച്ചുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. 'ദി ടീച്ചര്‍; ദി ഹ്യൂമനിസം ഓഫ് പോപ്പ് ഫ്രാന്‍സിസ്' എന്ന പുസ്തകം ഗവണ്‍മെന്റ്, സ്വകാര്യ സ്‌കൂളുകളില്‍ വിതരണം ചെയ്യുവാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പയുടെ സ്മരണ നിലനിര്‍ത്താനും പുതിയ തലമുറകളിലേക്ക് അദ്ദേഹത്തിന്റെ ചിന്തകള്‍ പകരാനും ലക്ഷ്യമിട്ടാണ് ഇങ്ങനെ ഒരു തീരുമാനം.
ബ്യൂണസ് അയേഴ്സ് പ്രവിശ്യയുടെ ജനറല്‍ ഡയറക്ടറേറ്റ് കള്‍ച്ചര്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ നിര്‍മ്മിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ ഗവര്‍ണര്‍ ആക്സല്‍ കിസിലോഫും ആര്‍ച്ച് ബിഷപ്പ് മോണ്‍സിഞ്ഞോര്‍ ഗുസ്താവോ കരാരയും പങ്കെടുത്തു.
പുതിയ സംരംഭത്തിലൂടെ, ബ്യൂണസ് അയേഴ്സ് പ്രവിശ്യയിലെ എല്ലാ സ്‌കൂളുകളിലും ഫ്രാന്‍സിസ് പാപ്പയുടെ ചിന്തകള്‍ ഉണ്ടാകുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ജീവിതത്തിലുടനീളം കൂടെയുള്ളവരെ ഉള്‍പ്പെടുത്തുന്നതിന്റെയും കണ്ടുമുട്ടലിന്റെയും അധ്യാപനം പ്രോത്സാഹിപ്പിച്ച, ആശയങ്ങളിലൂടെയും പ്രവര്‍ത്തികളിലൂടെയും തന്റെ പ്രബോധനങ്ങള്‍ പകര്‍ന്നുനല്‍കിയ ഒരു അധ്യാപകന്‍' എന്നാണ് ഫ്രാന്‍സിസ് പാപ്പയെ സാംസ്‌കാരിക, വിദ്യാഭ്യാസ ഡയറക്ടര്‍ ജനറല്‍ ആല്‍ബെര്‍ട്ടോ സിലിയോണി അനുസ്മരിച്ചത്.
മാര്‍പാപ്പയാകുന്നതിന് മുമ്പ്, ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ (ഫ്രാന്‍സിസ് പാപ്പ) അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിന്റെ ആര്‍ച്ച് ബിഷപ്പായിരുന്നു.
1998-ല്‍ ആര്‍ച്ച് ബിഷപ്പായി നിയമിതനായ അദ്ദേഹം 2013-ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഇവിടെ സേവനമനുഷ്ഠിച്ചിരിന്നു. ഫ്രാന്‍സിസ് പാപ്പ ദിവംഗതനായതിന് ശേഷം പാപ്പയുടെ അനുസ്മരണാര്‍ത്ഥം നിരവധി പദ്ധതികളാണ് ബ്യൂണസ് അയേഴ്സില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.