നിങ്ങള്‍ മരിക്കാന്‍ തയ്യാറാണോ?:മുഖംമൂടി ധരിച്ച് ആളുകളെ പേടിപ്പിക്കുന്ന വിരുതന്‍.സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും കണ്ടന്റുകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കാനും ലക്ഷ്യം

 
bviral


ഫിലഡല്‍ഫിയ:ഫിലഡല്‍ഫിയയില്‍ പ്രഭാതസവാരിക്കിറങ്ങുന്നവരുടെ ഉറക്കം കെടുത്തി തെരുവില്‍ ഭീതി വിതയ്ക്കുന്ന മുഖംമൂടിധാരിക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. ജോഗിങ്ങിനിറങ്ങുന്ന സ്ത്രീകളെയും വഴിയാത്രക്കാരെയും വധഭീഷണി മുഴക്കി ഓടിക്കുന്ന ഇയാളുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ഓഗസ്റ്റ് 19 പുലര്‍ച്ചെ 5.30-ഓടെ ഫിലഡല്‍ഫിയ സിറ്റി ഹാളിന് സമീപം ജോഗിങ്ങിനിറങ്ങിയ 40-കാരിയായ സ്ത്രീയെയാണ് ഇയാള്‍ ക്രൂരമായ രീതിയില്‍ പിന്തുടര്‍ന്നത്. കയ്യില്‍ മൊബൈല്‍ ഫോണ്‍ പിടിച്ച് ''നിങ്ങള്‍ മരിക്കാന്‍ തയ്യാറാണോ?'' എന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടായിരുന്നു ഇയാളുടെ പാച്ചില്‍. ഭയന്നോടുന്നതിനിടെ നിലത്തുവീണ് യുവതിയുടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


സംഭവത്തിന് പിന്നില്‍ 22-കാരനായ സൈമിയര്‍ ഹ്യൂസ് ആണെന്ന് പൊലീസ് വ്യക്തമായി തിരിച്ചറിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വൈറലാകാനും കണ്ടന്റുകള്‍ നിര്‍മ്മിച്ച് പണമുണ്ടാക്കാനുമാണ് ഇയാള്‍ ഭീതി സൃഷ്ടിച്ച് ആളുകളെ പിന്തുടര്‍ന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

സമാനമായ രീതിയില്‍ അനേകം ആളുകളെ ഇയാള്‍ തെരുവില്‍ വെച്ച് ഭയപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി നഗരത്തില്‍ നിന്ന് സംസ്ഥാനം വിട്ടതായാണ് വിവരം. ഇയാള്‍ക്ക് കലിഫോര്‍ണിയ, നെവാഡ എന്നീ സ്ഥലങ്ങളുമായി ബന്ധമുണ്ടെന്നും തെരച്ചില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പ്രതിയെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ഉടന്‍ തന്നെ ഫിലഡല്‍ഫിയ പൊലീസിനെ വിവരമറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Tags

Share this story

From Around the Web