ആള്‍ക്കൂട്ടത്തില്‍ നിങ്ങള്‍ ഒറ്റപ്പെടുന്നുവോ? അതിനുള്ള പരിഹാര മാര്‍ഗ്ഗങ്ങള്‍ എന്താണ്?
ആളുകള്‍ തിങ്ങിനിറഞ്ഞ മുറികളിലും ആഘോഷവേളകളിലും കുടുംബസംഗമങ്ങളിലും ജീവിക്കുമ്പോള്‍ പോലും വരിഞ്ഞുമുറുക്കുന്ന അപരിചിതമായ ശൂന്യതയാണ് പലരും അനുഭവിക്കുന്ന ആള്‍ക്കൂട്ടത്തിനിടയിലെ ഒറ്റപ്പെടല്‍.
എണ്ണക്കണക്കിലുള്ള സാന്നിധ്യമല്ല, മറിച്ച് ആത്മാംശമുള്ള വൈകാരിക ബന്ധങ്ങളുടെ അഭാവമാണ് ഈ മാനസികാവസ്ഥയ്ക്ക് പിന്നിലെന്ന് പൂനെയിലെ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്ത് സ്ഥാപകയും ചീഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ നൂപുര്‍ ധാക്കേഫാല്‍ക്കര്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ളവരുടെ തിരക്കുകളില്‍ സ്വയം നഷ്ടപ്പെടുമ്പോള്‍ ഉള്ളിലെടുക്കുന്ന ഈ ഏകാന്തത തീര്‍ത്തും യാഥാര്‍ത്ഥ്യവും ഗൗരവമേറിയതുമാണ്.
ആളുകള്‍ക്കിടയിലും ഒറ്റപ്പെടല്‍ തോന്നുന്നതിന് പിന്നില്‍ ആഴത്തിലുള്ള സാമൂഹിക-മാനസിക കാരണങ്ങളുണ്ട്. മറ്റുള്ളവര്‍ തങ്ങളെ എങ്ങനെ വിലയിരുത്തുമെന്നോ നിരസിക്കപ്പെടുമോ എന്നോ ഉള്ള അരക്ഷിതാവസ്ഥ കാരണം പലരും സ്വന്തം യഥാര്‍ത്ഥ വികാരങ്ങള്‍ മറച്ചുവെച്ച് കൃത്രിമമായ മുഖമൂടിണിയുന്നു.
പുറമെ ചിരിക്കുകയും തമാശകള്‍ പങ്കിടുകയും ചെയ്യുമ്പോള്‍ പോലും ഉള്ളില്‍ അടക്കിവെക്കുന്ന ഈ സത്യസന്ധമല്ലാത്ത ഇടപെടലുകള്‍ യഥാര്‍ത്ഥ അടുപ്പമുള്ളവരെ പോലും അകറ്റിനിര്‍ത്തുന്നു. തങ്ങളുടെ കൃത്രിമ വ്യക്തിത്വത്തെ മാത്രമാണ് സമൂഹം കാണുന്നതെന്ന തിരിച്ചറിവ് ക്രമേണ വലിയൊരു മാനസിക ശൂന്യതയിലേക്ക് വ്യക്തികളെ തള്ളിയിടുന്നു.
മുന്‍കാലങ്ങളില്‍ നേരിട്ട വൈകാരിക ആഘാതങ്ങള്‍, പങ്കാളികളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ ഉണ്ടായ ചതി, അവഗണന, നിരന്തരമായ നിന്ദകള്‍ എന്നിവ മനുഷ്യരില്‍ സുരക്ഷിതത്വമില്ലായ്മയുടെ പാടുകള്‍ അവശേഷിപ്പിക്കുന്നു.
ഇത് മറ്റുള്ളവരെ വിശ്വസിക്കുന്നതില്‍ നിന്ന് മനസ്സിനെ പിന്നോട്ട് വലിക്കുന്നു. ഒപ്പമുണ്ടാകാന്‍ ആഗ്രഹിക്കുമ്പോഴും വൈകാരികമായി സ്വയം കവചിതരാകാന്‍ ഇവര്‍ നിര്‍ബന്ധിതരാകുന്നു. മാത്രമല്ല, ഏകാന്തത മനസ്സിനെ അമിത സെന്‍സിറ്റീവ് ആക്കുന്നത് കാരണം സുഹൃത്തുക്കളുടെ ചെറിയ സന്ദേശങ്ങളിലെ കാലതാമസം പോലും തങ്ങളെ ബോധപൂര്‍വ്വം ഒഴിവാക്കുന്നതാണെന്ന തെറ്റിദ്ധാരണയിലേക്ക് നയിക്കുകയും കൂടുതല്‍ ഉള്‍വലിയാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
സോഷ്യല്‍ മീഡിയയിലൂടെ കാണുന്ന മറ്റുള്ളവരുടെ ആര്‍ഭാടപൂര്‍ണ്ണമായ ജീവിതങ്ങളും സന്തോഷക്കാഴ്ചകളും സ്വന്തം അപൂര്‍ണ്ണതകളെക്കുറിച്ച് പെരുപ്പിച്ച് കാണിച്ച് ഈ ഒറ്റപ്പെടലിനെ ആഴമേറിയതാക്കുന്നു.
ഈ അവസ്ഥ അനുഭവപ്പെടുന്നത് വ്യക്തിയുടെ ദുര്‍ബലതയോ സ്വീകാര്യതക്കുറവോ അല്ല, മറിച്ച് ജീവിതത്തില്‍ വൈകാരിക സുരക്ഷിതത്വത്തിന്റെയും ആഴത്തിലുള്ള ബന്ധങ്ങളുടെയും കുറവാണ് എന്ന് തിരിച്ചറിയുകയാണ് പ്രധാനം.
നൂറുകണക്കിന് ഫോണ്‍ കോണ്‍ടാക്റ്റുകളോ അനന്തമായ സോഷ്യല്‍ മീഡിയ കണക്ഷനുകളോ അല്ല, മുഖമൂടികളില്ലാതെ ഉള്ളിലെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവെക്കാന്‍ കഴിയുന്ന ഒന്നോ രണ്ടോ യഥാര്‍ത്ഥ ബന്ധങ്ങളാണ് ഇവിടെ പ്രധാനം. വൈകാരികമായി സുരക്ഷിതമായ ഇടങ്ങള്‍ സ്വയം കണ്ടെത്തുകയും മനസ്സറിഞ്ഞ് സംസാരിക്കാന്‍ കഴിയുന്നവരുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്യുകവഴി മാത്രമാണ് ആള്‍ക്കൂട്ടത്തിലെ ഈ ഏകാന്തതയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നത്.