നിങ്ങള്‍ ഒരു 'ഹെലികോപ്റ്റര്‍' രക്ഷിതാവാണോ? ; കുട്ടിയെ എങ്ങനെയെല്ലാം ബാധിക്കും ?
കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കാന്‍ രക്ഷിതാക്കളെല്ലാം ശ്രമിക്കാറുണ്ട്. നമ്മളുടെ പരിഗണനക്കും പിന്തുണക്കും ഒരു അതിര്‍ത്തി ഉണ്ടെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ ?യഥാര്‍ത്ഥത്തില്‍ അങ്ങനെ ഒന്നുണ്ട്.
കുട്ടികളുടെ കാര്യങ്ങളില്‍ അമിതമായി ഇടപെടുകയും അവരെ അമിതമായി സംരക്ഷിക്കുകയും ചെയ്യുന്ന രക്ഷിതാക്കളുടെ രീതിയെയാണ് 'ഹെലികോപ്റ്റര്‍ പേരന്റിംഗ്' . ഇത്തരക്കാര്‍ കുട്ടികളെക്കുറിച്ച് അമിതമായി വേവലാതിപ്പെടുകയും സംരക്ഷണം നല്‍കുകയും ചെയ്യുന്നു.
ഹെലികോപ്റ്റര്‍ പേരന്റിംഗ് എന്നാല്‍ 'ഓവര്‍-പേരന്റിംഗ്' അഥവാ അമിതമായ മാതാപിതാക്കളുടെ ഇടപെടല്‍ എന്നാണ് ഡോ. ആന്‍ ഡണ്‍വോള്‍ഡ് പറയുന്നത്. കുട്ടികളുടെ കാര്യത്തില്‍ അമിതമായ നിയന്ത്രണം, അമിത സംരക്ഷണം, പൂര്‍ണതക്കായി കുട്ടികളില്‍ അമിത സമ്മര്‍ദം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
1969-ല്‍ ഡോ. ഹൈം ഗിനോട്ട് രചിച്ച 'ബിറ്റ്വീന്‍ പാരന്റ് ആന്‍ഡ് ടീനേജര്‍' എന്ന പുസ്തകത്തിലാണ് 'ഹെലികോപ്റ്റര്‍ പാരന്റ്' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഡോ. കരോളിന്‍ ഡെയ്ച്ചിന്റെ അഭിപ്രായത്തില്‍ കുട്ടികളുടെ വിജയത്തിലും പരാജയത്തിലും ഇത്തരക്കാര്‍ അമിത ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.
'ലോണ്‍മോവര്‍ പേരന്റിംഗ്', 'കോസറ്റിംഗ് പാരന്റ്', 'ബുള്‍ഡോസ് പേരന്റിംഗ്' എന്നിവയും ഇതിന് സമാനമായ വാക്കുകളാണ്. വിവിധ പ്രായത്തില്‍ വിവിധ തരത്തിലായിരിക്കും ഹെലികോപ്റ്റര്‍ പേരന്റിംഗ് എന്നതിന്റെ ഉദാഹരണങ്ങള്‍
കൊച്ചുകുട്ടികളില്‍:
• കുട്ടികളെ എപ്പോഴും പിന്തുടരുക
• അവരുടെ പെരുമാറ്റത്തെ നിയന്ത്രിക്കുക
• അവര്‍ക്ക് തനിയെ ഇരിക്കാന്‍ സമയം നല്‍കാതിരിക്കുക.
പ്രൈമറി സ്‌കൂള്‍ തലത്തില്‍:
• കുട്ടിക്ക് നിശ്ചിത അധ്യാപകനെയോ കോച്ചിനെയോ ഉറപ്പാക്കാന്‍ ശ്രമിക്കുക
• സുഹൃത്തുക്കളെയും ചെയ്യേണ്ട കാര്യങ്ങളും രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുക
• ഹോംവര്‍ക്കുകളില്‍ അമിതമായി സഹായിക്കുക.
ഹൈസ്‌കൂള്‍, കോളേജ് തലത്തില്‍:
• മാര്‍ക്ക് കുറഞ്ഞതിന് അധ്യാപകരെ വിളിക്കുക
• ഷെഡ്യൂളുകള്‍ രക്ഷിതാക്കള്‍ ക്രമീകരിക്കുക
• വ്യായാമം പോലെ സ്വയം ചെയ്യേണ്ട കാര്യങ്ങളില്‍ പോലും ഇടപെടുകയും കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.
എന്തുകൊണ്ട് ഹെലികോപ്റ്റര്‍ പേരന്റിംഗ് ഉണ്ടാകുന്നു?
• മോശം ഫലങ്ങളെക്കുറിച്ചുള്ള ഭയം: സ്‌പോര്‍ട്‌സ് ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുകയോ ചെയ്യുമോ എന്ന ഭയം. എന്നാല്‍, പരാജയങ്ങളും പ്രയാസങ്ങളും ജീവിതത്തില്‍ നല്ല പാഠങ്ങളാണെന്ന് ഇത്തരക്കാര്‍ മറക്കുന്നു.
• ആകുലതകളും ഉത്കണ്ഠയും: സാമ്പത്തിക രംഗത്തെയും ലോകത്തിലെയും ഉത്കണ്ഠകള്‍ മൂലം കുട്ടികളെ സംരക്ഷിക്കാന്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുന്നു.
• ഓവര്‍കോമ്പന്‍സേഷന്‍ : സ്വന്തം കുട്ടിക്കാലത്ത് അവഗണനയോ സ്‌നേഹക്കുറവോ നേരിട്ടവര്‍ സ്വന്തം കുട്ടികളില്‍ അമിത ശ്രദ്ധ നല്‍കി അത് നികത്താന്‍ ശ്രമിക്കുന്നു.
• മറ്റ് മാതാപിതാക്കളില്‍ നിന്നുള്ള സമ്മര്‍ദ്ദം: മറ്റു രക്ഷിതാക്കള്‍ അമിതമായി ഇടപെടുമ്പോള്‍ ഉണ്ടാകുന്ന കുറ്റബോധവും സമ്മര്‍ദവും.
ഹെലികോപ്റ്റര്‍ പേരന്റിംഗിന്റെ പാര്‍ശ്വഫലങ്ങള്‍
• ആത്മവിശ്വാസക്കുറവ്: രക്ഷിതാക്കളുടെ അമിത ഇടപെടല്‍ തങ്ങള്‍ക്ക് സ്വയം ചെയ്യാന്‍ കഴിയില്ലെന്ന സന്ദേശമാണ് കുട്ടികള്‍ക്ക് നല്‍കുന്നത്.
• പ്രതിസന്ധികളെ നേരിടാനുള്ള ശേഷിക്കുറവ്: വൈകാരിക നിയന്ത്രണം, പ്രശ്‌നപരിഹാരം എന്നിവയെ ഇത് പ്രതികൂലമായി ബാധിക്കുന്നു.
• അമിതമായ ഉത്കണ്ഠ: അമിത ഇടപെടല്‍ കുട്ടികളില്‍ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്നു.
• പ്രത്യേക പരിഗണന ലഭിക്കണമെന്ന ചിന്ത : എല്ലാ കാര്യങ്ങളും മാതാപിതാക്കള്‍ ശരിയാക്കി കൊടുക്കുന്നതിനാല്‍ എപ്പോഴും സ്വന്തം ഇഷ്ടം നടക്കണമെന്ന ചിന്ത ഉണ്ടാകുന്നു.
• ജീവിത നൈപുണ്യങ്ങളുടെ കുറവ്: ഷൂ ലേസ് കെട്ടുക, വസ്ത്രങ്ങള്‍ കഴുകുക, സ്‌കൂള്‍ കാര്യങ്ങള്‍ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങള്‍ സ്വയം പഠിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കാതെ വരുന്നു.
• സ്വയം സംസാരിക്കാനുള്ള ശേഷിക്കുറവ്: തങ്ങള്‍ക്ക് വേണ്ടി സംസാരിക്കാനോ ചോദ്യങ്ങള്‍ ചോദിക്കാനോ ഇവര്‍ക്ക് കഴിയാതെ പോകുന്നു.
ഹെലികോപ്റ്റര്‍ പേരന്റിംഗ് എങ്ങനെ ഒഴിവാക്കാം?
കുട്ടികള്‍ക്ക് സ്വയം വളരാനും പുതിയ കഴിവുകള്‍ പഠിക്കാനും പരാജയങ്ങളില്‍ നിന്ന് കരകയറാനുമുള്ള അവസരം നല്‍കണം. കുട്ടികള്‍ക്ക് വിഷമങ്ങളും പരാജയങ്ങളും അനുഭവിക്കാന്‍ അനുവദിക്കുകയും അതിനെ അതിജീവിക്കാന്‍ സഹായിക്കുകയും വേണം.
കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ അവര്‍ക്ക് തന്നെ വിട്ടുകൊടുക്കുകയും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് മാതാപിതാക്കള്‍ ഒരടി പുറകോട്ട് നില്‍ക്കുകയും വേണമെന്ന് ഡോ. ഗില്‍ബോവ നിര്‍ദേശിക്കുന്നു.