ഈ ലോകത്ത് ഇത്രയും നല്ലവര്‍ ഉണ്ടോ?.ഒരു പിഞ്ചുകുഞ്ഞിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍ ഒരു ഡെലിവറി ബോയ് കാണിച്ച കരുതല്‍ 
 

 
DELIVERY BOY

ബെംഗളൂരു: എല്ലാവരും സ്വന്തം തിരക്കുകളിലേക്ക് മാത്രം ഒതുങ്ങുന്ന ഇന്നത്തെ ലോകത്ത്, താന്‍ കണ്ടിട്ടുപോലുമില്ലാത്ത ഒരു പിഞ്ചുകുഞ്ഞിന്റെ ഉറക്കത്തിന് ഭംഗം വരാതിരിക്കാന്‍ ഒരു ഡെലിവറി ബോയ് കാണിച്ച കരുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ബെംഗളൂരു സ്വദേശിനിയായ നിവേദിത റായ് എന്ന യുവതി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ഈ ഹൃദയസ്പര്‍ശിയായ അനുഭവം ലക്ഷക്കണക്കിന് ആളുകളുടെ മനസ്സാണ് കീഴടക്കുന്നത്. ഫ്‌ലിപ്കാര്‍ട്ട് മിനിറ്റ്സ് ഡെലിവറി ഏജന്റാണ് ഈ കഥയിലെ താരം.

കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് തന്റെ കുഞ്ഞിന്റെ ഡയപ്പര്‍ തീര്‍ന്നുപോയ വിവരം നിവേദിത ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് രാത്രി 10 മണിയോടെ അവര്‍ ഓണ്‍ലൈന്‍ വഴി ഡയപ്പര്‍ ഓര്‍ഡര്‍ ചെയ്തു. കൃത്യം 10.30-ഓടെ ഡെലിവറി ബോയ് സാധനങ്ങളുമായി വീട്ടുപടിക്കലെത്തി. എന്നാല്‍, വീട്ടിലെ കോളിങ് ബെല്‍ അടിക്കുന്നതിന് പകരം അദ്ദേഹം നിവേദിതയെ ഫോണില്‍ വിളിച്ച്, 'മാഡം, ദയവായി വാതില്‍ തുറക്കാമോ' എന്ന് വിനയത്തോടെ അഭ്യര്‍ത്ഥിക്കുകയായിരുന്നു. പുറത്തേക്ക് വന്ന നിവേദിത എന്തുകൊണ്ടാണ് കോളിങ് ബെല്‍ അടിക്കാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡെലിവറി ബോയ് നല്‍കിയ മറുപടിയാണ് ഒരമ്മ എന്ന നിലയില്‍ അവരുടെ കണ്ണ് നിറയിച്ചത്.


ഓര്‍ഡര്‍ ചെയ്ത സാധനം ഡയപ്പര്‍ ആണെന്ന് ഞാന്‍ പാക്കറ്റില്‍ കണ്ടിരുന്നു. അപ്പോള്‍ വീട്ടില്‍ ഒരു ചെറിയ കുഞ്ഞുണ്ടാകുമെന്നും ഈ സമയത്ത് കുഞ്ഞ് ഉറങ്ങുകയായിരിക്കുമെന്നും എനിക്ക് തോന്നി. ബെല്ലടിച്ചാല്‍ കുഞ്ഞ് ഉണര്‍ന്ന് കരഞ്ഞാലോ എന്ന് കരുതിയാണ് ഞാന്‍ ഫോണ്‍ വിളിച്ചത്, എന്നായിരുന്നു പുഞ്ചിരിയോടെയുള്ള ആ യുവാവിന്റെ മറുപടി. തിരക്കുപിടിച്ച ഈ ജീവിതപ്പാച്ചിലിനിടയിലും അപരിചിതനായ ഒരാള്‍ തന്റെ കുഞ്ഞിന്റെ ഉറക്കത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയം കണ്ടെത്തിയതിനെക്കുറിച്ച് നിവേദിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അപരിചിതരില്‍ നിന്നുള്ള ഇത്തരം ചെറിയ ദയവുള്ള പ്രവര്‍ത്തികളാകും നമ്മുടെ മനസ്സില്‍ എന്നും പ്രതീക്ഷ നല്‍കി നിലനില്‍ക്കുകയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ ഡെലിവറി ബോയിയുടെ ഈ മനോഹരമായ പ്രവൃത്തിയെ അഭിനന്ദിച്ച് ആയിരക്കണക്കിന് ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.

Tags

Share this story

From Around the Web