ഈശോയുടെ ശിഷ്യരില്‍ പുരുഷന്മാര്‍ മാത്രമോ ? 

​​​​​​​

 
JESUS 12 SAINTS



ഈശോയെ അനുഗമിച്ച് അവിടുത്തെ ശിഷ്യ രായവരില്‍ പുരുഷന്മാരും സ്ത്രീകളും ഉണ്ടാ യിരുന്നു. അനേകം സ്ത്രീകളും അവിടുത്തെ അനുഗമിച്ചവരില്‍ പെടുന്നു (ലൂക്ക 8:1-3; മത്താ: 12-46-50). 


ഈശോയുടെ അമ്മയായ മറിയം, യാക്കോബ്, യോസെ, യൂദാ, ശിമയോന്‍ എന്നിവരുടെ അമ്മ, സെബദിയുടെ ഭാര്യയും യാക്കോബ്, യോഹന്നാന്‍ എന്നിവരുടെ അമ്മയുമായ സലൊമി, ക്ലോപാസിലെ മറിയം, യോവാന്ന, സൂസന്ന, മൂന്ന് മറിയമാര്‍, പ്രിഷില്ലാ, തബീത്ത, ലിഡിയ, യൂണിയ തുടങ്ങിയ പേരുകള്‍ പുതിയനിയമത്തില്‍ കാണാം.

ബഥനിയിലെ മര്‍ത്തായോടും മറിയത്തിനോടും അവന്‍ ഊഷ്മളമായ അടുപ്പം പുലര്‍ത്തി, അവരുടെ സഹോദരന്‍ ലാസറിനോടെന്ന പോലെ (ലൂക്ക 10:38-42). അക്കാലത്തെ സാമൂഹിക ചിട്ടകള്‍ക്ക് വിപരീതമായി ഈശോ സമരിയാക്കാരി സ്ത്രീയോട് പരസ്യമായി സംസാരിച്ച് അവളെ വേദം പഠിപ്പിച്ചു തന്റെ പ്രേഷിതയാക്കി മാറ്റി (യോഹ. 4:1-42).

ഈശോയുടെ ജീവിതത്തിലെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്. പ്രത്യേകിച്ച് അവന്റെ മരണവേളയില്‍ (യോഹ. 19:25), ഉത്ഥിതനായ ക്രിസ്തു ആദ്യം പ്രത്യക്ഷപ്പെടുന്നത് മഗ്ദലനാമറിയത്തിനാണ് (യോഹ 20:11-18). 


ഇങ്ങനെയൊക്കെയാണെങ്കിലും, നാം ഓര്‍ക്കണം- വളരെയധികം പുരുഷകേന്ദ്രീകൃതമായ സമൂഹത്തിലാണ് ഈശോ ജനിച്ചതും പ്രവര്‍ത്തിച്ചതും. അതുകൊണ്ട് ഈശോയെക്കുറിച്ചുള്ള ലിഖിതപാരമ്പര്യങ്ങളില്‍ പുരുഷന്മാര്‍ക്ക് കൂടുതല്‍ ദൃശ്യത ലഭിച്ചിട്ടുണ്ട്. അത് വളരെ സ്വാഭാവികവുമാണ്.

എന്നാല്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ സ്ത്രീകള്‍ ഇല്ലായിരുന്നു എന്നത് ശരിയാണ്. സ്ത്രീകള്‍ മാത്രമല്ല വിജാതീയ പുരുഷന്മാരെയും തന്റെ അപ്പസ്‌തോലഗണത്തില്‍ അവന്‍ ഉള്‍പ്പെടുത്തിയില്ല. സ്ത്രീകള്‍ തന്റെ ശിഷ്യവലയത്തിലുണ്ടായിരുന്നിട്ടും അവന്‍ അവരെയും പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും അപ്പസ്തോല സംഘത്തിലേക്ക് അവരെ അവന്‍ ഉള്‍ച്ചേര്‍ത്തില്ല. അതിന്റെ കാരണങ്ങള്‍ നമുക്ക് അനുമാനിക്കാനേ സാധിക്കൂ.

തികച്ചും പുരുഷകേന്ദ്രീകൃത സമൂഹമായിരുന്നതുകൊണ്ട് അവന്‍ അക്കാലത്തെ സാമൂഹികക്രമം പാലിക്കുകയായിരുന്നു എന്നു വേണമെങ്കില്‍ വാദിക്കാം. 


അതേസമയം അത്തരം സാമൂഹികചിട്ടകളെ അവന്‍ മിക്കപ്പോഴും മറികടക്കുകയും അട്ടിമറിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ന്യൂനതകളുള്ള എല്ലാ സാമൂഹിക ക്രമങ്ങളെയും അവന്‍ മാറ്റിമറിക്കാന്‍ ശ്രമിച്ചതുമില്ല.

ഉദാഹരണത്തിന്, റോമന്‍ ഭരണക്രമം, അടിമത്ത വ്യവസ്ഥിതി തുടങ്ങിയവ ഉദാഹരണങ്ങളാണ്.

പന്ത്രണ്ട് അപ്പസ്‌തോലന്മാര്‍ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളുടെ പ്രതീകമായിരുന്നു. പുരുഷന്മാരായിരുന്നു ഗോത്രത്തലവന്മാര്‍. യൂദാസിനെ സംഘത്തില്‍നിന്ന് നഷ്ടപ്പെട്ടപ്പോള്‍ മത്തിയാസിനെ തിരഞ്ഞെടുത്ത് അവര്‍ പന്ത്രണ്ടുപേരെ തികച്ചു. 


പുതിയ ജറുസലെമിനു പന്ത്രണ്ട് കവാടങ്ങളും പന്ത്രണ്ട് മാലാഖമാരും പന്ത്രണ്ട് അടിസ്ഥാനങ്ങളും അവയില്‍ പന്ത്രണ്ട് അപ്പസ്‌തോലന്മാരുടെ പേരുകളും ഉണ്ടാവും (വെളി. 21:12). അതിനാല്‍ അപ്പസ്‌തോലന്മാര്‍ പുരുഷന്മാര്‍ ആകേണ്ടിയിരുന്നു എന്നാണ് വാദഗതി. 

പക്ഷേ പിന്നീട് നേതൃസംഘത്തില്‍ പന്ത്രണ്ടുപേര്‍ എപ്പോഴും വേണമെന്ന് നിര്‍ബന്ധം സഭ പുലര്‍ത്തിയുമില്ല. യാക്കോബ് ശ്ലീഹ രക്തസാക്ഷിയായതോടെ പന്ത്രണ്ട് അംഗസംഖ്യ നിലനിര്‍ത്തണം എന്ന് സഭ കരുതിയുമില്ല.

ഇക്കാര്യത്തില്‍ നമുക്ക് ഉറപ്പിച്ചു പറയാവുന്നത് ഒന്നു മാത്രം: പന്തിരുവര്‍സംഘത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താതിരുന്ന തിന്റെ കാരണം ഈശോയ്ക്ക് മാത്രമേ അറിയൂ. ഈശോ അതെപ്പറ്റി സംസാരിക്കുന്നില്ല; ആരും ഈ വിഷയത്തെക്കുറിച്ച് ചോദിക്കുന്നുമില്ല.

വേദപുസ്തകവും ഈ വിഷയത്തില്‍ പൂര്‍ണ്ണമായും നിശബ്ദമാണു താനും.

ഒടുവിലായി, ദൈവത്തിന്റെ എല്ലാ പ്രവൃത്തികളുടെയും യുക്തി എനിക്കറിയണം എന്ന് നമുക്കാര്‍ക്കും ശഠിക്കാനുമാവില്ല. ഉദാഹരണത്തിന്, എന്തിനു പന്ത്രണ്ടുപേരില്‍ രണ്ടുപേരെ ഒരു വീട്ടില്‍ നിന്നു തന്നെ തിരഞ്ഞെടുത്തു? 


രണ്ടു വീടുകളില്‍നിന്നായിരുന്നെങ്കില്‍ അത്രയും പ്രാതിനിധ്യം കൂടുമായിരുന്നല്ലോ? കണക്കുനോക്കാന്‍ നന്നായിട്ടറിയാമായിരുന്ന ചുങ്കക്കാരന്‍ മത്തായി കൂട്ടത്തിലുള്ളപ്പോള്‍ എന്തിനു പണസഞ്ചി യൂദാസിനെ ഏല്പിച്ചു? ഈ ചോദ്യങ്ങളെല്ലാം ന്യായമാണ്. പക്ഷേ ഉത്തരം ഈശോയ്ക്കേ അറിയൂ.

കടപ്പാട്: സീറോ മലബാര്‍ സഭയുടെ മതബോധന കമ്മീഷന്‍ പുറത്തിറക്കിയ 'വിശ്വാസവഴിയിലെ സംശയങ്ങള്‍' എന്ന പുസ്തകം.
 

Tags

Share this story

From Around the Web