നിങ്ങളുടെ നല്ല മനസ്സിനെ ആളുകള്‍ ചൂഷണം ചെയ്യുന്നുണ്ടോ?. ഈ 9 ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ പണി കിട്ടും

 
Mind

സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും പിന്നാലെ അനുനിമിഷം നെട്ടോട്ടമോടിക്കൊണ്ടിരിക്കുന്ന കാലത്താണല്ലോ നാം. ജീവിതത്തില്‍ ചെന്നുപെടുന്ന വ്യത്യസ്ത മേഖലകളിലെല്ലാം 'ഞാനാദ്യം, ഞാന്‍ മാത്രം' എന്ന് മനസില്‍ തിരുകികയറ്റിയവര്‍ ചില്ലറയൊന്നുമല്ല ഇക്കാലത്ത്. 


എങ്കിലും, തങ്ങളുടെ സ്വഭാവത്തിലെ ദയയും അനുകമ്പയും വിടാതെ പെരുമാറുന്ന ചിലരെങ്കിലും അവശേഷിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. നിര്‍ഭാഗ്യവശാല്‍, ഇത്തരക്കാര്‍ സഹജീവികളോട് കാണിക്കുന്ന അനുകമ്പയും സഹാനുഭൂതിയേയും സമൂഹം പലപ്പോഴും മതിയായ വിലമതിക്കാറില്ല.

ശരിയാണ്, ദയയുള്ള സ്വഭാവം അധികപേര്‍ക്കൊന്നും അവകാശപ്പെടാനില്ലാത്ത കഴിവ് തന്നെയാണ്. എങ്കിലും, സ്വന്തം കാര്യങ്ങള്‍ക്ക് മതിയായ ശ്രദ്ധ കൊടുക്കാതെ ബാക്കിയുള്ളവരുടെ കാര്യങ്ങള്‍ക്കായി പാഞ്ഞുനടക്കുന്നത് അത്ര ശരിയായ ഏര്‍പ്പാടല്ല. അഥവാ, നിങ്ങളുടെ സഹാനുഭൂതിയെ സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി ചൂഷണം ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന് ചുരുക്കം.

നിങ്ങളുടെ ദയയെയും നന്മയെയും മറ്റുള്ളവര്‍ മുതലെടുക്കുന്നുവെന്നതിന്റെ ഒമ്പത് പ്രധാന സൂചനകളായി മനശ്ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്ന ലക്ഷണങ്ങള്‍ പരിശോധിക്കാം.


നിങ്ങളിങ്ങനെ കൊടുത്തുകൊണ്ടേയിരിക്കും, തിരിച്ചുകിട്ടുന്നത് ചുരുക്കവും
മറ്റുള്ളവര്‍ക്ക് ആവശ്യം വരുമ്പോഴെല്ലാം സഹായത്തിനായി എടുത്ത് ചാടുന്ന നിങ്ങള്‍ക്ക് വല്ല ആവശ്യങ്ങളും വരുമ്പോള്‍ ആരുമില്ലാത്ത സാഹചര്യങ്ങളുണ്ടാകാറുണ്ടോ? 

നിങ്ങളുടെ മനസിന്റെ നൈര്‍മല്യതയെ ചുറ്റിലുമുള്ള ചിലരെങ്കിലും ചൂഷണം ചെയ്യുന്നുവെന്നതിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണിത്. മറ്റുള്ളവര്‍ക്ക് ആവശ്യം വരുമ്പോള്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ചാടിയിറങ്ങുന്ന നിങ്ങള്‍ക്ക് ഒരാളും കൂട്ടിനെത്തുന്നില്ലെങ്കില്‍ തിരിച്ചറിയണം, ഈ ബന്ധം തികച്ചും ഏകപക്ഷീയം മാത്രമാണെന്ന്.

 
ആവശ്യമുള്ളപ്പോള്‍ മാത്രം മാളത്തിന് പുറത്തെത്തുന്ന കൂട്ടുകാര്‍


എന്തെങ്കിലും സഹായമോ ഉപകാരങ്ങള്‍ക്കോ മാത്രമായി നിങ്ങളെ സമീപിക്കുന്ന കൂട്ടുകാരുണ്ടോ? അവര്‍ക്കായി നിങ്ങളെന്തെല്ലാം ചെയ്യുന്നുവെന്നത് മാത്രമാണ് ഈ കൂട്ടുകാരുടെ ഉദ്ദേശ്യം. നേരെ തിരിച്ച്, നിങ്ങള്‍ക്ക് വല്ല ആവശ്യവും വരുമ്പോള്‍ വിളിച്ചിട്ട് കിട്ടുന്നില്ലേല്‍ ആ ബന്ധത്തെ കുറിച്ച് പുനര്‍വിചിന്തനം നടത്തേണ്ടിയിരിക്കുന്നെന്ന് ചുരുക്കം.


നോ പറയാനുള്ള നിങ്ങളുടെ മടി ഇവര്‍ മുതലെടുത്തേക്കും


ഒരാള്‍ എന്തെങ്കിലും കാര്യങ്ങള്‍ ആവശ്യപ്പെട്ട് മുന്നിലെത്തുമ്പോള്‍ എങ്ങനെയാണ് നോ പറയുകയെന്നല്ലേ? ഇങ്ങനെ ചിന്തിക്കുന്നവരും നമുക്ക് ചുറ്റിലുണ്ട്. മറ്റുള്ളവരോട് നോ പറയാന്‍ കാണിക്കുന്ന മടിയും നിങ്ങളെ അവരുടെ ചൂഷണത്തിലേക്ക് കൊണ്ടെത്തിക്കും.

 ഇനി അഥവാ വല്ല കാര്യവും ചെയ്തുകൊടുക്കാന്‍ സാധിച്ചില്ലെങ്കില്‍, നിങ്ങളില്‍ കുറ്റബോധം ഉണ്ടാക്കിയെടുക്കാന്‍ അവര്‍ ശ്രമിക്കും, 'നീ പണ്ട് ഇങ്ങനെയൊന്നും ആയിരുന്നില്ലല്ലോ', 'നിന്റെ അടുത്ത് നിന്ന് ഇത്ര പ്രതീക്ഷിച്ചില്ല' എന്നൊക്കെ പറഞ്ഞുകൊണ്ട് ഇത്തരക്കാര്‍ നിങ്ങളെക്കൊണ്ട് കാര്യം സാധിച്ചെടുക്കാന്‍ ശ്രമിക്കുകയും ചെയ്യും.

നിങ്ങളുടെ വ്യക്തിഗത അതിരുകള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്ന കൂട്ടുകാരുണ്ടോ?


നിങ്ങളുടെ സമയം, വ്യക്തിസ്വാതന്ത്ര്യം, മാനസികമായ ഇടം എന്നിവയെ ഇവര്‍ ബഹുമാനിക്കാറില്ല. അനാവശ്യ സമയങ്ങളില്‍ ശല്യപ്പെടുത്തുകയോ, നിങ്ങളുടെ അനുവാദമില്ലാതെ കാര്യങ്ങള്‍ തീരുമാനിക്കുകയോ ചെയ്യുന്നതും ഇതിന്റെ ലക്ഷണമാണ്.


നിങ്ങളുടെ സഹായം ഇവര്‍ ഒരു അവകാശമായി കരുതും


നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് പകരമായി ഒരു 'നന്ദി' പോലുമില്ലാതെ, അത് നിങ്ങളുടെ കടമയാണെന്ന മട്ടില്‍ ഇത്തരക്കാര്‍ പെരുമാറും. ദയ കാണിക്കുന്നത് നിങ്ങളുടെ സ്വഭാവമാണെങ്കിലും, ആളുകള്‍ അത് തങ്ങളുടെ അവകാശമായി കാണാന്‍ തുടങ്ങുന്നത് ചൂഷണത്തിന്റെ ലക്ഷണമായിതന്നെ വേണം മനസിലാക്കാന്‍.


ബന്ധങ്ങള്‍ ഏകപക്ഷീയമായിരിക്കും
ചില ബന്ധങ്ങളില്‍ എപ്പോഴും നിങ്ങളായിരിക്കും സഹായം ചെയ്തുകൊടുക്കുന്നയാള്‍ , മറ്റുള്ളവര്‍ സ്വീകരിക്കുന്നയാളും. നിങ്ങളുടെ ആവശ്യങ്ങള്‍ വരുമ്പോഴാണെങ്കിലോ, ഇവര്‍ മാറിനില്‍ക്കുകയോ തിരക്ക് അഭിനയിക്കുകയോ ചെയ്യും.


നിങ്ങളുടെ മാനസിക ബുദ്ധിമുട്ടുകള്‍ ഇവര്‍ കണ്ടില്ലെന്ന് നടിക്കും
അവരുടെ പ്രശ്‌നങ്ങളും സങ്കടങ്ങളും കേള്‍ക്കാന്‍ നിങ്ങളെ ഒരു 'ഇമോഷണല്‍ ഡസ്റ്റ്ബിന്‍' ആയി ഉപയോഗിക്കുമെങ്കിലും, നിങ്ങളുടെ വിഷമങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കാതിരിക്കുകയോ വിഷയം മാറ്റുകയോ ചെയ്യും. 

അവര്‍ക്ക് വേണ്ടി നിങ്ങള്‍ ചെയ്ത കാര്യങ്ങളെ അതൊന്നും അത്ര വലിയ കാര്യമൊന്നുമല്ലെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇവര്‍ ശ്രമിക്കും. ചിലപ്പോഴൊക്കെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ക്രെഡിറ്റ് ഇവര്‍ സ്വന്തമാക്കുകയും ചെയ്‌തേക്കാം.


നിങ്ങളുടെ പെരുമാറ്റത്തെ ബലഹീനതയായി കാണുന്നു


നിങ്ങള്‍ ദയയുള്ളയാളായതുകൊണ്ട് തിരിച്ച് പ്രതികരിക്കില്ല അല്ലെങ്കില്‍ ദേഷ്യപ്പെടില്ലെന്ന് കരുതി, നിങ്ങളോട് മോശമായി പെരുമാറാനോ നിങ്ങളെ താഴ്ത്തിക്കെട്ടാനോ ഇവര്‍ മടിക്കില്ല. ഇത്തരം സുഹൃത്തുക്കളോ അടുപ്പക്കാരോ നിങ്ങള്‍ക്കുണ്ടെങ്കില്‍ ആ ബന്ധം ഇനിയും മുന്നോട്ടുകൊണ്ടുപോകുന്നതിനെ കുറിച്ച് പുനര്‍ചിന്തനം നടത്തേണ്ടിയിരിക്കുന്നു.


നിങ്ങളെ മാനസികമായി തകര്‍ക്കുന്നതായിരിക്കും ഇത്തരക്കാരുമായുള്ള സഹവാസം
ഇവരുമായി സമയം ചെലവഴിച്ചു കഴിയുമ്പോള്‍ നിങ്ങള്‍ക്ക് സമാധാനത്തിന് പകരം അമിതമായ മാനസിക തളര്‍ച്ചയും, ഉപയോഗിക്കപ്പെട്ടു എന്ന തരത്തിലുള്ള നിരാശയുമാണ് അനുഭവപ്പെടുന്നതെങ്കില്‍, ഇവര്‍ നിങ്ങളുടെ നന്മയെ ചൂഷണം ചെയ്യുകയാണ്.


എപ്പോഴെങ്കിലുമൊക്കെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയോടെ മാത്രം സ്‌നേഹവും സഹായവും നല്‍കുന്നവരാണ് യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യപ്പെടുന്നത്. സ്വന്തം മാനസികാരോഗ്യത്തിനും സമാധാനത്തിനും മുന്‍ഗണന നല്‍കിക്കൊണ്ട് ഇത്തരം ടോക്‌സിക് ബന്ധങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കുകയെന്നതാണ് പ്രധാനം. 

നിങ്ങളുടെ നല്ല മനസിനെ വിലമതിക്കുന്ന, പരസ്പര ബഹുമാനമുള്ള ബന്ധങ്ങള്‍ തിരഞ്ഞെടുക്കുക, കാരണം, മറ്റുള്ളവരെ സ്‌നേഹിക്കുന്നതുപോലെ തന്നെ പ്രധാനമാണ് നിങ്ങളെത്തന്നെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്നത്.

Tags

Share this story

From Around the Web