സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: സമുദായത്തെ വളര്‍ത്തിയെടുക്കാനുള്ള വലിയ ജാഗ്രത നമുക്കുണ്ടാകണമെന്ന് ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ തോമസ് തറയില്‍. സീറോമലബാര്‍ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവര്‍ഷം 2026ന്റെ ഭാഗമായി ചങ്ങനാശേരി അതിരൂപത ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ (കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോനാ ഓഡിറ്റോറിയത്തില്‍) സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയുടെയും സമൂഹത്തിന്റെയും നന്മകളെക്കുറിച്ചു ചിന്തിക്കാന്‍ സമുദായശക്തീകരണ വര്‍ഷത്തില്‍ സാധിക്കണം. സമുദായ ശക്തീകരണം മറ്റാര്‍ക്കും എതിരല്ല. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ചു സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇരുനൂറോളം ശിപാര്‍ശകള്‍ നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടില്ല.
സഭയ്ക്ക് എയ്ഡഡ് സ്‌കൂളുകള്‍ അനുവദിച്ചിരുന്നില്ലെങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നിലവാരം എവിടെ നില്‍ക്കു മായിരുന്നു എന്ന് മാര്‍ തറയില്‍ ചോദിച്ചു. ജാതിമത ഭേദമെന്യേ വിദ്യാഭ്യാസം നല്‍കാന്‍ ക്രൈസ്തവ സമുദായം തയാറായതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു കിട്ടിയത്. നാം നമുക്കുവേണ്ടി മാത്രമായി ഒന്നും ചോദിച്ചിട്ടില്ല.
സമത്വം വേണമെന്നു മാത്രമേ സര്‍ക്കാരി നോട്ആവശ്യപ്പെടുന്നുള്ളൂ. ഭിന്നശേഷി സംവരണത്തിന്റെ പേരിലുള്ള വിഷയം പരിഹരിക്കണമെന്നു പറയുന്നത് പൊതുസമൂഹനന്മയ്ക്കുവേണ്ടിയാണെന്നും മാര്‍ തോമസ് തറയില്‍ വ്യക്തമാക്കി.
ആര്‍ച്ചുബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ജസ്റ്റിസ് ജെ.ബി കോശി മുഖ്യാതിഥിയായിരുന്നു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ആമുഖ പ്രഭാഷണം നടത്തി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, യുവദീപ്തി-എസ്എംവൈഎം ഡയറക്ടര്‍ റവ. ഡോ. സാവിയോ മാനാട്ട്, കുറുമ്പനാടം ഫൊറോനാ പള്ളി വികാരി റവ. ഡോ. ചെറിയാന്‍ കറുകപ്പറമ്പില്‍, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖാ മാത്യൂസ്, അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ സെക്രട്ടറി ഫാ. ജയിംസ് കൊക്കാവയലില്‍, കത്തോലിക്ക കോണ്‍ഗ്രസ് അതിരൂപത സെക്രട്ടറി ബിനു ഡൊമനിക്, ഫാ. ജേക്കബ് കാട്ടടി എന്നിവര്‍ പ്രസംഗിച്ചു.