കാരിത്താസ് ഇന്ത്യ ചെയര്‍മാനായി ആര്‍ച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യയുടെ പുതിയ ചെയര്‍മാനായി ആര്‍ച്ച് ബിഷപ്പ് ഡോ. ലിനസ് നെലി ചുമതലയേറ്റു.
ന്യൂഡല്‍ഹിയിലെ കാരിത്താസ് ഇന്ത്യ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദിനാള്‍ ആന്റണി പൂല, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കുട്ടോ എന്നിവര്‍ ചേര്‍ന്ന് നിയമന ഉത്തരവ് കൈമാറി.
എട്ടു വര്‍ഷത്തെ സേവനത്തിന് ശേഷം സ്ഥാനമൊഴിയുന്ന ആര്‍ച്ച് ബിഷപ്പ് സെബാസ്റ്റ്യന്‍ കല്ലുപുരയ്ക്ക് ചടങ്ങില്‍ യാത്രയയപ്പ് നല്‍കി.
കോവിഡ് മഹാമാരിക്കാലത്ത് കാരിത്താസ് ഇന്ത്യ നടത്തിയ വിപുലമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ്പ് കല്ലുപുര നല്‍കിയ നേതൃത്വം സ്തുത്യര്‍ഹമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. യേശുദാസ് ആര്‍. അനുസ്മരിച്ചു.
കാരിത്താസ് ഇന്ത്യ വെറുമൊരു സേവന സംഘടനയല്ല, മറിച്ച് ''കരുണയുടെ വിദ്യാലയവും പ്രത്യാശയുടെ പരീക്ഷണശാലയുമാണ്'' എന്ന് മുഖ്യപ്രഭാഷണം നടത്തിയ കര്‍ദിനാള്‍ ആന്റണി പൂല പറഞ്ഞു.
ആരും ഉപേക്ഷിക്കപ്പെടാത്ത, കരുണയുള്ള ഒരു ഇന്ത്യയെ കെട്ടിപ്പടുക്കുകയാകണം സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നീതിയും ഐക്യദാര്‍ഢ്യവും പ്രോത്സാഹിപ്പിക്കുന്നതിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനുമായി കാരിത്താസ് ഇന്ത്യയുടെ ദൗത്യം തുടരുമെന്ന് ചുമതലയേറ്റ ശേഷം ആര്‍ച്ച് ബിഷപ്പ് ലിനസ് നെലി വ്യക്തമാക്കി.
ആര്‍ച്ച് ബിഷപ്പ് അനില്‍ കുട്ടോയുടെ എപ്പിസ്‌കോപ്പല്‍ ശുശ്രൂഷയുടെ രജതജൂബിലിയും ചടങ്ങിനോടനുബന്ധിച്ച് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ നിധിയിലേക്ക് കാരിത്താസ് ഇന്ത്യ ധനസഹായം നല്‍കി.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബെന്നി ഇടയത്ത്, അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജൂലിയന്‍ ഫെര്‍ണാണ്ടോ, സുനിത അശ്വിന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.