ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കിയെ ഇറാഖിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു

വത്തിക്കാന്‍ സിറ്റി: ആര്‍ച്ചുബിഷപ് മിറോസ്ലാവ് വച്ചോവസ്‌കിയെ ഇറാഖിലെ പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആയി ലിയോ 14 ാമന്‍ മാര്‍പാപ്പ നിയമിച്ചു. 2019 മുതല്‍, വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന വച്ചോവസ്‌കിയെ ആര്‍ച്ചുബിഷപ് പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടാണ് ഇറാഖിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോയായി നിയമിച്ചിരിക്കുന്നത്. സ്റ്റേറ്റ് സെക്രട്ടേറിയറ്റിന്റെ മൂന്ന് വിഭാഗങ്ങളുടെ സാന്നിധ്യത്തില്‍, വിദേശകാര്യ മന്ത്രാലയത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗറാണ് നിയമന പ്രഖ്യാപനം നടത്തിയത്.
1970 മെയ് 8 ന് പിസ്സില്‍ (പോളണ്ട്) ജനിച്ച വച്ചോവസ്‌കി 1996 ജൂണ്‍ 15 ന് വൈദികനായി അഭിഷിക്തനായി.
കാനന്‍ നിയമത്തില്‍ ബിരുദം നേടിയ ശേഷം 2004 ജൂലൈ 1 ന് പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര സേവനത്തില്‍ പ്രവേശിച്ച അദ്ദേഹം സെനഗലിലെ പൊന്തിഫിക്കല്‍ റെപ്രസന്റേഷന്‍സ്, ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി, ഓര്‍ഗനൈസേഷന്‍ ഫോര്‍ സെക്യൂരിറ്റി ആന്‍ഡ് കോഓപ്പറേഷന്‍ ഇന്‍ യൂറോപ്പ്, വിയന്നയിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസ്, സ്‌പെഷ്യലൈസ്ഡ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ എന്നിവയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ 24 ന് അദ്ദേഹം വത്തിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ അണ്ടര്‍സെക്രട്ടറിയായി നിയമിതനായി.