1947ല്‍ സ്ഥാപിതമായ സംഘടന നാളിതു വരെ നല്‍കിയ സേവനങ്ങള്‍ സഭയ്ക്ക് ശബ്ദം നല്‍കിയെന്ന് ലിയോ പതിനാലാമന്‍ പാപ്പാ

പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ തീര്‍ത്ഥാടനത്തിനായി റോമില്‍ എത്തി ചേര്‍ന്ന ചര്‍ച്ച് ഇന്‍ നീഡ് ഫൗണ്ടേഷന്റെ പ്രതിനിധിസംഘത്തിനു ലിയോ പതിനാലാമന്‍ പാപ്പാ സ്വകാര്യ സദസ് അനുവദിക്കുകയും, സന്ദേശം നല്‍കുകയും ചെയ്തു.
ശത്രുതയ്ക്കും അക്രമത്തിനും സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടത്തില്‍, നിരവധി ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന സമൂഹം പീഢിക്കപ്പെടുന്ന അവസരത്തില്‍ അംഗങ്ങളുടെ സന്ദര്‍ശനം തികച്ചും കാലോചിതമാണെന്നു പാപ്പാ അടിവരയിട്ടു.
ക്രിസ്തുവില്‍ ഒരു കുടുംബമെന്ന നിലയില്‍ പീഡിപ്പിക്കപ്പെടുന്ന നമ്മുടെ സഹോദരീസഹോദരന്മാരെ നാം ഉപേക്ഷിക്കുന്നില്ലെന്ന്, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വെളിപ്പെടുത്തുന്നുവെന്നു പാപ്പാ പറഞ്ഞു.
ക്രൈസ്തവ സഹോദരങ്ങള്‍ അനുഭവിക്കുന്ന വേദന നമ്മുടെ ഏവരുടെയും വേദനയാണെന്നു വിശുദ്ധ പൗലോസിന്റെ വാക്കുകളില്‍ ഓര്‍മ്മപ്പെടുത്തിയ പാപ്പാ ഈ വാക്കുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ പ്രതിധ്വനിക്കുന്നുവെന്നും കാരണം ക്രിസ്തുവിന്റെ ശരീരത്തിലെ ഏതൊരു അവയവത്തിന്റെയും കഷ്ടപ്പാടുകളില്‍ മുഴുവന്‍ സഭയും പങ്കുചേരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
ഓരോ മനുഷ്യനും അവന്റെ ഹൃദയത്തില്‍ സത്യത്തിനും അര്‍ത്ഥത്തിനും മറ്റുള്ളവരുമായും ദൈവവുമായും ആശയവിനിമയത്തിനുമുള്ള അഗാധമായ ആഗ്രഹം വഹിക്കുന്നുവെന്നും, അതിനാല്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ഐച്ഛികമല്ല മറിച്ച് അത്യന്താപേക്ഷിതമാണെന്നു പാപ്പാ അടിവരയിട്ടു പറഞ്ഞു.
മതസ്വാതന്ത്ര്യം എന്നത് കേവലം ഒരു നിയമപരമായ അവകാശമോ സര്‍ക്കാരുകള്‍ നല്‍കുന്ന ഒരു പ്രത്യേകാവകാശമോ അല്ല ആധികാരിക അനുരഞ്ജനം സാധ്യമാക്കുന്ന ഒരു അടിസ്ഥാന വ്യവസ്ഥയാണെന്നും ഈ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ സത്യത്തിന്റെ ആഹ്വാനത്തോട് സ്വതന്ത്രമായി പ്രതികരിക്കാനുള്ള കഴിവ് മനുഷ്യ വ്യക്തിക്ക് നഷ്ടപ്പെടുന്നുവെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി.
ഈ ശിഥിലീകരണം ഭയത്തിനു വഴിയൊരുക്കുമെന്നും സംഭാഷണം ഇല്ലാതാക്കുമെന്നും അടിച്ചമര്‍ത്തലുകളും അക്രമങ്ങളും വളര്‍ത്തുമെന്നുമുള്ള മുന്നറിയിപ്പും പാപ്പാ നല്‍കി.
'മതസ്വാതന്ത്ര്യം, ചിന്താ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, മറ്റുള്ളവരുടെ കാഴ്ചപ്പാടുകളോടുള്ള ബഹുമാനം എന്നിവയില്ലാതെ സമാധാനം ഉണ്ടാകില്ല' എന്ന ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും പാപ്പാ ഉദ്ധരിച്ചു.
കത്തോലിക്കാ സഭ എല്ലായ്‌പ്പോഴും എല്ലാ ആളുകളുടെയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, ഈ അവകാശം ഓരോ രാജ്യത്തിന്റെയും നിയമപരവും സ്ഥാപനപരവുമായ ജീവിതത്തില്‍ അംഗീകരിക്കപ്പെടണമെന്നുള്ളതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മുന്‍പോട്ടുവയ്ക്കുന്ന ആശ്യമെന്നതും പാപ്പാ ഓര്‍മ്മപ്പെടുത്തി.
1947ല്‍ സ്ഥാപിതമായ സംഘടന നാളിതു വരെ നല്‍കിയ സേവനങ്ങള്‍ സഭയ്ക്ക് ശബ്ദം നല്‍കിയെന്ന് പാപ്പാ നന്ദിയോടെ സ്മരിച്ചു. ലോകമെമ്പാടുമുള്ള സഭയുടെ ദൗത്യത്തെ പിന്തുണയ്ക്കുന്നതില്‍ സംഘടനയുടെ പ്രതിബദ്ധതയും പാപ്പാ എടുത്തു പറഞ്ഞു.
സാമൂഹിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ജീവിക്കുന്ന അടയാളമായി മാറുന്നുവെന്നും, വ്യത്യസ്തമായ ഒരു ലോകം സാധ്യമാണെന്ന് അയല്‍ക്കാര്‍ക്ക് കാണിച്ചുകൊടുക്കുന്നുവെന്നും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ എടുത്തു പറഞ്ഞുകൊണ്ട് പാപ്പാ അനുസ്മരിച്ചു.