വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പുരസ്‌കാരം ആര്‍ച്ച് ബിഷപ്പ് ജാക്വസ് മൗറാദിന്

വത്തിക്കാന്‍: മതാന്തര സാംസ്‌കാരിക സംവാദം ഐച്ഛികമല്ല മറിച്ച് നമ്മുടെ കാലഘട്ടത്തിന്റെ ഒരു സുപ്രധാന ആവശ്യകതയാണ് എന്നത് എടുത്തു പറഞ്ഞുകൊണ്ട് സിറിയയിലെ ഹോംസ് അതിരൂപത മെത്രാപ്പോലീത്തയായ ആര്‍ച്ച് ബിഷപ്പ് ജാക്വസ് മൗറാദ് വത്തിക്കാനില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് പ്രസംഗിച്ചു.
2015-ല്‍ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെങ്കിലും വിശ്വാസം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ഘട്ടംഘട്ടമായി വധശിക്ഷയ്ക്ക് പോലും വിധേയനാക്കിയെങ്കിലും ക്രിസ്തുവിനെ നിഷേധിക്കാതെ അഞ്ച് മാസത്തെ തടവില്‍ നിന്ന് മോചിതനായി. അതിനു ശേഷം അദ്ദേഹം ഹോംസ് അതിരൂപതയുടെ ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായി. തുടര്‍ന്ന് അനുരഞ്ജനത്തിന്റെ വക്താവായി ജീവിതം സമര്‍പ്പിച്ചു.
വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ചിന്തകളെയും പൈതൃകത്തെയും കുറിച്ചുള്ള ഗ്രാഹ്യത്തെയും സഭാ ജീവിതത്തില്‍ അദ്ദേഹത്തിന്റെ സ്വാധീനത്തെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ അവാര്‍ഡ് നല്‍കുന്നത്.
ജാക്വസ് മൗറാദിന്റെ ജീവിതകാലത്തെ സേവനം, വിശ്വാസത്തിന്റെ സാക്ഷ്യം, ക്രിസ്തീയ സ്‌നേഹം, മതാന്തര സംഭാഷണം, സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം എന്നിവയെ മാനിച്ച് ഞങ്ങള്‍ അദ്ദേഹത്തെ ആദരിക്കുന്നുവെന്നു ക്രിസ്ത്യന്‍ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റും അവാര്‍ഡ് കമ്മിറ്റി ചെയര്‍മാനുമായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോഹ് ചടങ്ങില്‍ പറഞ്ഞു.
സിറിയയിലെ സഭ അതിന്റെ എല്ലാ ഘടനകളിലും നടത്തുന്ന ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കത്തോലിക്കാ സഭയുടെ അംഗീകാരമാണ് ഈ അവാര്‍ഡ് എന്ന് മറുപടി പ്രസംഗത്തില്‍ ആര്‍ച്ചുബിഷപ്പ് പറഞ്ഞു.