ആര്‍ച്ച്ബിഷപ്പ് ഗല്ലഗര്‍ മോസ്‌കോയിലെ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു

 
ARCH BISHOP GILLER


വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറിയായ (സെക്രട്ടറി ഫോര്‍ റിലേഷന്‍സ് വിത്ത് സ്റ്റേറ്റ്‌സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍സ്) ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗല്ലഗര്‍ നടത്തുന്ന മോസ്‌കോ ദൗത്യത്തിന്റെ രണ്ടാം ദിനത്തില്‍, റഷ്യന്‍ ഫെഡറേഷന്റെ തലസ്ഥാനമായ മോസ്‌കോയിലെ 'ക്രൈസ്റ്റ് ദി സേവ്യര്‍' ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ സന്ദര്‍ശിച്ചു. മോസ്‌കോ പാത്രിയാര്‍ക്കേറ്റിന്റെ എക്‌സ്റ്റേണല്‍ ചര്‍ച്ച് റിലേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റായ ആര്‍ച്ച്പ്രീസ്റ്റ് ഇഗോര്‍ യാക്കിംചുക്, ആര്‍ച്ച്ബിഷപ്പ് ഗല്ലഗറെ സ്വീകരിച്ചു.

ഓഗസ്റ്റ് 25 ന് ഇതേ വകുപ്പിന്റെ ചെയര്‍മാന്‍ വോളോ കൊളാംസ്‌കിലെ ആന്റണി മെത്രാപ്പോലീത്തയുമായി നടത്തിയ ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ സന്ദര്‍ശനം. ക്രൈംലിന് സമീപം സ്ഥിതി ചെയ്യുന്നതും സ്വര്‍ണ്ണ താഴികക്കുടങ്ങളാല്‍ മനോഹരവുമായ ഈ പ്രൗഢഗംഭീര കത്തീഡ്രല്‍ ആര്‍ച്ച്ബിഷപ്പ് ഗല്ലഗര്‍ അപ്പോസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ജിയോവന്നി ഡി ആനിയെല്ലോയോടൊപ്പമാണ് സന്ദര്‍ശിച്ചത്.


നെപ്പോളിയന്റെ അധിനിവേശത്തില്‍ നിന്ന് റഷ്യ രക്ഷപ്പെട്ടതിന്റെ ആഘോഷമായി 'ക്രൈസ്റ്റ് ദി സേവ്യര്‍' (രക്ഷകനായ ക്രിസ്തു) എന്ന പേരില്‍ ഒരു കത്തീഡ്രല്‍ നിര്‍മ്മിക്കാന്‍ 1812-ല്‍ അലക്‌സാണ്ടര്‍ ഒന്നാമന്‍ ചക്രവര്‍ത്തി പദ്ധതിയിട്ടിരുന്നെങ്കിലും, 1860-ലാണ് ഇതിന്റെ നിര്‍മ്മാണം ആരംഭിച്ചത്. 1883-ല്‍ അലക്‌സാണ്ടര്‍ മൂന്നാമനാണ് ഇവിടെ കിരീടധാരണം ചെയ്യപ്പെട്ട ആദ്യത്തെ ചക്രവര്‍ത്തി. എന്നാല്‍ ഈ ആരാധനാലയത്തിന്റെ ചരിത്രം വലിയ തകര്‍ച്ചകള്‍ നിറഞ്ഞതായിരുന്നു. സോവിയറ്റ് ഭരണകൂടത്തിന് കീഴില്‍ 1931-ല്‍ ഇത് ബോംബുവച്ച് തകര്‍ത്തു. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഈ സ്ഥലത്ത് സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ നീന്തല്‍ക്കുളം നിര്‍മ്മിക്കുകയുണ്ടായി. സോവിയറ്റ് ഭരണകൂടത്തിന്റെ പതനത്തോടെ, 1990 ഫെബ്രുവരിയില്‍ കത്തീഡ്രല്‍ അടിത്തറ മുതല്‍ പുനര്‍നിര്‍മ്മിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുമതി ലഭിച്ചു. 1992-ല്‍ രൂപീകരിച്ച നിധിയിലൂടെയാണ് പുനര്‍നിര്‍മ്മാണത്തിനുള്ള തുക കണ്ടെത്തിയത്. റഷ്യയിലുടനീളമുള്ള വിശ്വാസികള്‍ ഇതിലേക്ക് സാമ്പത്തിക സംഭാവനകള്‍ നല്‍കി.

മോസ്‌കോയിലെ ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലില്‍ ചരിത്രപരവും ആത്മീയവുമായ നിരവധി അപൂര്‍വ ശേഖരങ്ങളുണ്ട്. തകര്‍ച്ചയെ അതിജീവിച്ചതോ റഷ്യന്‍ കരകൗശല വിദഗ്ദ്ധര്‍ പുനര്‍നിര്‍മ്മിച്ചതോ ആയ ആരാധനാ വസ്ത്രങ്ങള്‍, ചരിത്രരേഖകള്‍, അപൂര്‍വ വസ്തുക്കള്‍ എന്നിവ അവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

വിശുദ്ധ ലൂക്കാ വരച്ചതെന്ന് കരുതപ്പെടുന്നതും റഷ്യന്‍ വിശ്വാസികളുടെ പ്രധാന ആരാധനാ പാത്രവുമായ 'വിര്‍ജിന്‍ ഓഫ് വ്‌ളാഡിമിര്‍' എന്ന മാതാവിന്റെ രൂപത്തിന് മുന്നില്‍ ആര്‍ച്ച്ബിഷപ്പ് ഗല്ലഗര്‍ പ്രാര്‍ഥനയ്ക്കായി ചെലവഴിച്ചു.
 

Tags

Share this story

From Around the Web