നൂതന സാങ്കേതിക വിദ്യകള്‍ മനുഷ്യാന്തസ്സിനെ ബഹുമാനിക്കുന്നതാകണമെന്ന് ആര്‍ച്ചുബിഷപ്പ് ഗാല്ലഘര്‍

വത്തിക്കാന്‍: നിര്‍മ്മിത ബുദ്ധിയെക്കുറിച്ചും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുന്നതില്‍ ഈ സാങ്കേതിക വിദ്യയുടെ സ്വാധീനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനായി സമയബന്ധിതമായി തുറന്ന സംവാദത്തിനു സാഹചര്യമൊരുക്കിയ കൊറിയന്‍ റിപ്പബ്ലിക്കിന് നന്ദി പറഞ്ഞ് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍, വത്തിക്കാനും മറ്റു രാജ്യങ്ങളും, അന്താരാഷ്ട്രസംഘടനകളുമായുള്ള ബന്ധങ്ങള്‍ക്കായുള്ള സെക്രെട്ടറി ആര്‍ച്ച്ബിഷപ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഘര്‍.
ഡിജിറ്റല്‍ വിപ്ലവം പ്രത്യേകിച്ച് നിര്‍മിത ബുദ്ധിയുടെ മേഖലയില്‍, വിദ്യാഭ്യാസം, തൊഴില്‍, കല, ആരോഗ്യ സംരക്ഷണം, ഭരണസംവിധാനം, സൈന്യം, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും, അത് അസാധാരണവും ദ്രുതഗതിയിലുള്ളതുമായ മാനവിക പരിണാമത്തിന് സാക്ഷ്യം വഹിച്ചുവെന്നും പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് അടിവരയിട്ടു.
സുസ്ഥിര വികസനം മുന്നോട്ട് കൊണ്ടുപോകുക, അന്താരാഷ്ട്ര സമാധാനവും സുരക്ഷയും നിലനിര്‍ത്തുക, മൗലികമായ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ ആശയങ്ങളാണ് എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്രസഭയുടെ രൂപീകരണത്തിന് വഴികാട്ടിയായതെന്നും, ഈ ആഗ്രഹ പൂര്‍ത്തീകരണത്തിന് നിര്‍മ്മിതബുദ്ധിയുടെ ഉപയോഗം സഹായപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മാനുഷിക അന്തസ്സിനെ ബഹുമാനിച്ചും, പൊതുനന്മയെ ലക്ഷ്യം വച്ചുകൊണ്ടും, നിര്‍മ്മിതബുദ്ധിയുടെ വികസനവും ഉപയോഗവും ദൃഢമായി നങ്കൂരമിട്ടിട്ടില്ലെങ്കില്‍, അവ കൂടുതല്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടാന്‍ സാധ്യതയുള്ള വിഭജനത്തിന്റെയും ആക്രമണത്തിന്റെയും ഉപകരണങ്ങളായി മാറുമെന്ന മുന്നറിയിപ്പും ആര്‍ച്ചുബിഷപ്പ് നല്‍കി.
മാരകമായ സ്വയംഭരണ ആയുധ സംവിധാനങ്ങളുടെ വികസനം അന്താരാഷ്ട്ര സമൂഹത്തിന് ഗുരുതരമായ നിയമപരവും സുരക്ഷാപരവും മാനുഷികവും ധാര്‍മ്മികവുമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും, ധാര്‍മ്മികമായ തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍ നിര്‍മ്മിത ബുദ്ധിക്ക് സാധിക്കുകയില്ലയെന്നത്, ഏറെ വെല്ലുവിളികള്‍ ഉണര്‍ത്തുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ വികസനത്തിനും ഉപയോഗത്തിനും മനുഷ്യ കേന്ദ്രീകൃത സമീപനമാണ് പരിശുദ്ധ സിംഹാസനം ആവശ്യപ്പെടുന്നതെന്നും പ്രസ്താവനയില്‍ ആര്‍ച്ചുബിഷപ്പ് സൂചിപ്പിച്ചു.