ഉക്രൈനില്‍ നീതിയില്‍ അധിഷ്ഠിതമായ സമാധാനം ആവശ്യം: പാപ്പായുടെ പ്രതിനിധിയായെത്തിയ ആര്‍ച്ച്ബിഷപ് ഗാല്ലഗര്‍

 
UKARAINE


ഉക്രൈന്‍: ഉക്രൈനില്‍ നീതിയില്‍ അധിഷ്ഠിതമായ സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണമെന്ന് ആര്‍ച്ച്ബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗര്‍. 

രാജ്യത്തെ ലത്തീന്‍ കത്തോലിക്കാ സഭാസംവിധാനം പുനഃസംഘടിപ്പിക്കപ്പെട്ടതിന്റെ മുപ്പത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി പരിശുദ്ധ പിതാവിന്റെ പ്രത്യേക പ്രതിനിധിയെന്ന നിലയില്‍ ജൂലൈ 17 വ്യാഴാഴ്ച മുതല്‍ ജൂലൈ 21 ചൊവ്വാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തിനായി എത്തിയ അവസരത്തിലാണ് ഉക്രൈനുനേരെ നടക്കുന്ന ആക്രമണങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ അദ്ദേഹം ഇത്തരമൊരു ആഹ്വാനം നടത്തിയത്.

യുദ്ധത്തിന്റെ നീതിയുക്തമായ അവസാനമെന്നതിന യൂറോപ്പിന്റെ ഈ ഭാഗത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന അര്‍ത്ഥമുണ്ടെന്ന ല്വീവിലുള്ള ലത്തീന്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ് മിയെച്ചിസ്വാവ് മൊക്രിസ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ  അവസരത്തില്‍ സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു. 

ലിയോ പതിനാലാമന്‍ പാപ്പായും സഭയും ഉക്രൈന്‍ ജനതയുടെ ദുരിതങ്ങളും ത്യാഗങ്ങളും മറന്നിട്ടില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജൂലൈ 17 വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

ഉക്രൈനിലുണ്ടായ ആക്രമണങ്ങളുടെ സ്മരണയില്‍ പതിവുപോലെ വൈകുന്നേരം ഒന്‍പതുമണിക്ക് മൗനപ്രാര്‍ത്ഥന നടത്തുന്നതിന്റെ കൂടി പശ്ചാത്തലത്തില്‍ ആര്‍ച്ച്ബിഷപ് ഗാല്ലഗറും ആര്‍ച്ച്ബിഷപ് മൊക്രിസ്‌കിയും യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി വൈകുന്നേരം ഒന്‍പത് മണിക്ക് മെത്രാസനമന്ദിരത്തിന്റെ ചാപ്പലില്‍ പ്രാര്‍ത്ഥന നടത്തി.

തന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഏതാണ്ട് മുപ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളുള്ള ഉക്രൈനിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയിലും ആര്‍ച്ച്ബിഷപ് ഗാല്ലഗര്‍ എത്തി. 


യുദ്ധകാലത്തും വിദ്യാഭ്യാസവും സാമൂഹിക സേവനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങളെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമായുള്ള കൂടിക്കാഴ്ച്ചാവേളയില്‍ അദ്ദേഹം അഭിനന്ദിച്ചു.

വൈകുന്നേരം അപ്പസ്‌തോലിക നൂണ്‍ ഷ്യേച്ചറില്‍ വച്ച ഉക്രൈനിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ അദ്ധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് സ്വിയാത്തോസ്‌ളാവ് ഷെവ്ചുക്കുമായും ആര്‍ച്ച്ബിഷപ് ഗാല്ലഗര്‍ കൂടിക്കാഴ്ച നടത്തി.

രാജ്യത്ത് ലത്തീന്‍ സഭയുടെ സംവിധാനങ്ങളിലുണ്ടാക്കിയ പുനഃസംഘടനാവാര്‍ഷികവുമായി ബന്ധപ്പെട്ട പ്രധാന ആഘോഷം ജൂലൈ 19 ഞായറാഴ്ച ബെര്‍ദിചീവിലെ കര്‍മ്മലമാതാവിന്റെ പേരിലുളള ദേവാലയത്തില്‍ നടക്കും.


 വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ 2001-ല്‍ രാജ്യത്തേക്ക് നടത്തിയ സന്ദശനത്തെക്കൂടി അനുസ്മരിക്കുന്ന ഒരു ചടങ്ങായിരിക്കും ഇത്.

പോളണ്ടിലെ ക്രാക്കോവില്‍ നിന്ന് കരമാര്‍ഗം യുക്രൈനിലെത്തിയ ആര്‍ച്ച്ബിഷപ് ഗാല്ലഗറിനെ ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ വത്തിക്കാനിലേക്കുള്ള യുക്രൈന്‍ സ്ഥാനപതി അന്ത്രീ യൂറാഷും വിദേശകാര്യ മന്ത്രാലയ പ്രതിനിധികളും ചേര്‍ന്നായിരുന്നു സ്വീകരിച്ചത്. 

Tags

Share this story

From Around the Web