ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച അമേരിക്കയുടെ പുതിയ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോ
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളിലെ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോയായി ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച നിയമിക്കപ്പെട്ടു.
നിലവിലെ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോയായിരുന്ന കര്‍ദ്ദിനാള്‍ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30ന് 80 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം.
പാപ്പ ജനിച്ചു വളര്‍ന്ന രാജ്യത്തിലേക്കും സഭയിലേക്കും തന്നെ ന്യൂണ്‍ഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താന്‍ നന്ദി അര്‍പ്പിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് കാച്ച പറഞ്ഞു.
1958 ഫെബ്രുവരി 24ന് മിലാനില്‍ ജനിച്ച ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ല്‍ വൈദികനായും, 2009-ല്‍ മെത്രാനായും അഭിഷിക്തനായി.
ലെബനോന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ ന്യൂണ്‍ഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതല്‍ ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയില്‍ താന്‍ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത ജനതയാണെന്നും കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.