അമേരിക്കന്‍ ഐക്യനാടുകളിലെ അപ്പസ്‌തോലിക നുണ്‍ഷ്യോ ആയി ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ നിയമിച്ചു
വത്തിക്കാന്‍: അമേരിക്കന്‍ ഐക്യനാടുകളിലെ അപ്പസ്‌തോലിക നുണ്‍ഷ്യോയായി, ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയുടെ, പരിശുദ്ധ സിംഹാസനത്തിന്റ സ്ഥിരം നിരീക്ഷകനായിരുന്ന, മോണ്‍സിഞ്ഞോര്‍ ആര്‍ച്ച് ബിഷപ്പ് ഗബ്രിയേലേ കാച്ചയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. അപ്പസ്‌തോലിക നുണ്‍ഷ്യോ ആയിരുന്ന, കര്‍ദിനാള്‍ ക്രിസ്റ്റോഫ് പിയറിക്ക്, ജനുവരി 30 ന് 80 വയസ്സ് തികഞ്ഞതിനെ തുടര്‍ന്നാണ് ഈ പുതിയ നിയമനം.
പാപ്പാ ജനിച്ചു വളര്‍ന്ന രാജ്യത്തിലേക്കും, സഭയിലേക്കും തന്നെ ന്യൂണ്‍ഷ്യോ ആയി നിയമിക്കാനുള്ള പരിശുദ്ധ പിതാവിന്റെ തീരുമാനത്തിന് താന്‍ ആദരവും, ആഴമായ നന്ദിയും പ്രകടിപ്പിക്കുന്നുവെന്ന് ആര്‍ച്ച് ബിഷപ്പ് കാച്ച പറഞ്ഞു.
കൂട്ടായ്മയുടെയും സമാധാനത്തിന്റെയും സേവനത്തിലായിരിക്കും തന്റെ ദൗത്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭയിലെ തന്റെ സേവനത്തിനിടയില്‍ താന്‍ മനസിലാക്കുകയും, അനുഭവിക്കുകയും ചെയ്ത, ജനതയുടെയും, മറ്റു സ്ഥാപനങ്ങളുടെയും ഊഷ്മളതയും തുറന്ന മനസ്സും തന്നെ ഏറെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം പങ്കുവച്ചു.
1958 ഫെബ്രുവരി 24 ന് മിലാനില്‍ ജനിച്ച ആര്‍ച്ചുബിഷപ്പ് ഗബ്രിയേലേ കാച്ച, 1983 ല്‍ വൈദികനായും, 2009 ല്‍ മെത്രാനായും അഭിഷിക്തനായി. ലെബനന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നൂണ്‍ഷ്യോ ആയി സേവനം ചെയ്ത അദ്ദേഹം, 2019 മുതല്‍ ഐക്യരാഷ്ട്രസഭയിലെ, പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്തു വരികയായിരുന്നു.