ആർച്ച്ബിഷപ്പ് ഫുൾട്ടൺ ഷീൻ വാഴ്ത്തപ്പെട്ടവൻ: പ്രഖ്യാപന ചടങ്ങുകൾ സെപ്റ്റംബർ 24-ന്
സഭാപ്രവർത്തനങ്ങളിലും പ്രസംഗകലയിലും വിസ്മയമായിരുന്ന ആർച്ച്ബിഷപ്പ് ഫുൾട്ടൺ ജെ ഷീനിന്റെ നാമകരണ നടപടികളിലെ സുപ്രധാന ഘട്ടമായ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപിക്കുന്ന ചടങ്ങുകളുടെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടു. അമേരിക്കയിലെ പിയോറിയ രൂപതയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.
സെപ്റ്റംബർ 20 – ന് ആർച്ച്ബിഷപ്പ് ഷീനിന്റെ വൈദിക അഭിഷേക വാർഷികത്തോടനുബന്ധിച്ച് പിയോറിയയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന കുർബാനയോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് സെപ്റ്റംബർ 24 – ന് സെന്റ് ലൂയിസിലെ ‘ദ ഡോം അറ്റ് അമേരിക്കാസ് സെന്ററിൽ’ വച്ചാണ് നാമകരണ ശുശ്രൂഷകൾ നടക്കുക. ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് പങ്കെടുക്കാൻ സാധിക്കുമെന്നതിനാലാണ് പിയോറിയയ്ക്ക് പകരം സെന്റ് ലൂയിസ് പ്രധാന വേദിയിയായി തിരഞ്ഞെടുത്തതെന്ന് സഭാ അധികൃതർ വ്യക്തമാക്കി.
സെപ്റ്റംബർ 15- ന് ആരംഭിക്കുന്ന ഒൻപത് ദിവസത്തെ നൊവേനയോടെ വിശ്വാസികൾ ഈ പുണ്യനിമിഷത്തിനായി ഒരുങ്ങും. നാമകരണ ചടങ്ങിന് ശേഷം നന്ദിപ്രകാശന കുർബാനകളും വിവിധ പ്രഭാഷണങ്ങളും പിയോറിയയിൽ വച്ച് നടക്കും.
സെപ്റ്റംബർ 26 -ന് പിയോറിയ കത്തീഡ്രലിൽ നടക്കുന്ന ബൈസന്റൈൻ രീതിയിലുള്ള നന്ദിപ്രകാശന കുർബാനയോടെ ആഘോഷങ്ങൾ സമാപിക്കും.
ലോകമെമ്പാടുമുള്ള ക്രൈസ്തവർക്ക് ആവേശം പകരുന്ന ഈ നിമിഷം സഭയുടെ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്ന് പിയോറിയ ബിഷപ്പ് ലൂയിസ് ടിൽക പറഞ്ഞു