മിഷനറിമാർ നേരിടുന്ന പീഡനങ്ങൾക്ക് പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ
സമൂഹവും രാജ്യവും നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി ഉൽക്കണ്ഠപ്പെട്ട് ലത്തീൻ സഭ അതിരൂപത ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ.
ആദിവാസി മേഖലകളിൽ മിഷനറിമാർ നേരിടുന്ന പീഡനങ്ങൾ ഒറ്റപ്പെട്ടതല്ലെന്നും പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ദുഃഖ വെള്ളിയോട് അനുബന്ധിച്ച് പാളയം പള്ളിയിൽ സംയുക്ത കുരിശിൻ്റെ വഴി ചടങ്ങുകളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ ഉൾപ്പെടെ അസമത്വങ്ങൾ അനുഭവിക്കുന്ന ആദിവാസിസമൂഹത്തിലെ പലർക്കും വോട്ടർ പട്ടികയിൽ പേരില്ലാത്ത അവസ്ഥയും നിലനിൽക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സമുദ്ര വിഭവങ്ങളുടെ ചൂഷണത്തിൽ ആശങ്ക അറിയിച്ച ബിഷപ് കോർപ്പറേറ്റുകൾ സമുദ്ര സമ്പത്ത് വ്യാപകമായി ചൂഷണം ചെയ്യുകയാണെന്നും , ‘ബ്ലൂ എക്കണോമി’ എന്ന ആശയം തന്നെ അപകടകരമായ രീതിയിൽ നടപ്പിലാക്കുകയാണ് എന്ന് ആരോപിച്ചു.
മുതലപ്പൊഴിയിലെ മത്സ്യ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയും അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സംസാരിച്ച കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമീസ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന അനേകം മനുഷ്യരുടെ വേദന വിശ്വാസികളെ ഓർമ്മിപ്പിച്ചു .
സംസ്ഥാനം തിരഞ്ഞെടുപ്പിന്റെ ചൂടിലായിരിക്കുന്ന ഈ സമയത്ത്, വിവിധ രാഷ്ട്രീയ മുന്നണികൾ അവരുടെ പ്രകടനപത്രികകൾ തയ്യാറാക്കിയിട്ടുണ്ടെങ്കിലും, അതിൽ ഉൾപ്പെടാതെ പോകുന്ന നിരവധി പ്രധാന വിഷയങ്ങൾ ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തിനും സമൂഹത്തിനും സുപ്രധാനമായ ആ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുരിശിന്റെ വഴിയിലൂടെ വിശ്വാസത്തിന്റെ അനുഭവം പേറി മുന്നേറുന്നതിന്റെ പ്രാധാന്യം അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ചങ്ങനാശേരി ആർച്ച് ബിഷപ് മാർ തോമസ് തറയിലും വിശ്വാസികളോട് സംസാരിച്ചു.