ബിഷപ്‌സ് ഹൗസില്‍ കടന്നുകയറി ആര്‍ച്ചുബിഷപ്പിനെതിരെ ക്രൂരമായ ആക്രമണം;ഭീതിയുടെ നിഴലില്‍ സിറിയന്‍ ക്രൈസ്തവ സമൂഹം
സിറിയയില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിറിയന്‍ ക്രൈസ്തവര്‍ ആശങ്കയില്‍. ഏറ്റവുമൊടുവിലായി മെല്‍ക്കൈറ്റ് ആര്‍ച്ച് ബിഷപ്പാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
സിറിയയില്‍ ക്രൈസ്തവ സമൂഹത്തിന് നേരെ ആക്രമണങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ സിറിയന്‍ ക്രൈസ്തവര്‍ ആശങ്കയില്‍. ഏറ്റവുമൊടുവിലായി മെല്‍ക്കൈറ്റ് ആര്‍ച്ച് ബിഷപ്പാണ് ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ഹോംസിലെ ഓള്‍ഡ് സിറ്റിയിലുള്ള മെല്‍ക്കൈറ്റ് ആര്‍ച്ച് ബിഷപ്പ് ജീന്‍-അബ്ദോ അര്‍ബാച്ചിന്റെ വസതിയിലും ഓഫീസിലും സായുധസംഘം അതിക്രമിച്ചു കയറുകയായിരുന്നു. മൂന്നിലധികം വരുന്ന അക്രമികള്‍ ആര്‍ച്ച്ബിഷപ്പിനെ കൈവിലങ്ങണിയിക്കുകയും കണ്ണുകെട്ടുകയും വായ മൂടിക്കെട്ടുകയും ചെയ്ത ശേഷം ക്രൂരമായി മര്‍ദ്ദിച്ചു.
അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്ന് കുരിശ് ബലമായി പറിച്ചെടുക്കുകയും പണവും പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപവും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു.
ദൈവകൃപയാലാണ് വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടതെന്ന് ആര്‍ച്ച് ബിഷപ് കത്തോലിക്കാ സന്നദ്ധ സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിനോട് വെളിപ്പെടുത്തി.
സിറിയയിലെ ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹത്തിന് നേരെയുള്ള ആക്രമണങ്ങളും തട്ടിക്കൊണ്ടുപോകലുകളും വര്‍ദ്ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ചും, ഹോംസിലെ മെല്‍ക്കൈറ്റ് ആര്‍ച്ച് ബിഷപ്പ് ജീന്‍-അബ്ദോ അര്‍ബാച്ചിനെതിരായ അതിക്രമത്തെ അപലപിച്ചും വിശ്വാസികള്‍ മെഴുകുതിരി പ്രദക്ഷിണം നടത്തി.
അല്‍-സുഖൈലാബിയ നഗരത്തില്‍ ഒത്തുകൂടിയ നൂറുകണക്കിന് വിശ്വാസികള്‍, തട്ടിക്കൊണ്ടുപോകപ്പെട്ട തങ്ങളുടെ സഹോദരങ്ങളെ വിട്ടയക്കണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് മെഴുകുതിരികളുമായി തെരുവിലിറങ്ങിയത്.
ആര്‍ച്ച് ബിഷപ്പിന് നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമല്ല എന്നതാണ് സിറിയയിലെ ക്രൈസ്തവ സമൂഹത്തെ കടുത്ത ആശങ്കയിലാഴ്ത്തുന്നത്.
നേരത്തെ ഹോംസിലെ തെരുവിലൂടെ നടന്നുപോകുകയായിരുന്ന കത്തോലിക്കാ ആര്‍ച്ച് പ്രീസ്റ്റ് മൈക്കല്‍ നാമാനും സമാനമായ ആക്രമണത്തിന് ഇരയായിരുന്നു.
ഇതിനുപുറമെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യന്‍ വിശ്വാസികളെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും തുടര്‍ക്കഥയാവുകയാണ്.
ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് മെല്‍ക്കൈറ്റ് പാത്രിയര്‍ക്കീസ് യൂസഫ്, അന്ത്യോഖ്യന്‍ ഗ്രീക്ക്-ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ജോണ്‍ പത്താമന്‍, സുറിയാനി ഓര്‍ത്തഡോക്‌സ് പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് അഫ്രേം രണ്ടാമന്‍ എന്നിവര്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചു.
ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ അധികാരികള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടുവെന്നും, ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നത് സിറിയയിലെ ക്രിസ്ത്യാനികളുടെ ഭാവി വലിയ ചോദ്യചിഹ്നമായി മാറ്റിയിരിക്കുകയാണെന്നും പാത്രിയര്‍ക്കീസുമാര്‍ മുന്നറിയിപ്പ് നല്‍കി.