ബൈബിളില്‍ പരാമര്‍ശിക്കുന്ന ബെത്സയിദ നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി

 
jesus


ക്രിസ്തു അന്ധനെ സുഖപ്പെടുത്തിയതടക്കം നിരവധി അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന 'ബെത്സയിദ' നഗരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി.


 ഒരു പതിറ്റാണ്ടിലേറെ നീണ്ട ഖനനത്തിനിടെ, വടക്കന്‍ ഇസ്രായേലിലെ 'എല്‍-അരാജ്' മേഖലയില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട പല വസ്തുക്കളും ലഭിച്ചതായി ബെത്സയിദ-ജൂലിയസ് ഉദ്ഖനന സംഘം അറിയിച്ചു.

ഖനനത്തിലൂടെ ലഭിച്ച തെളിവുകളുടെ ഈ ശേഖരം പുരാതന നഗരത്തിന്റെ ചരിത്രപരമായ പശ്ചാത്തലം വ്യക്തമാക്കുന്നതാണെന്നും, ഓരോ ഘട്ടവും പിന്നിടുന്തോറും ചിത്രം കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണെന്നും പുരാവസ്തു ഗവേഷണത്തിന് നേതൃത്വം നല്‍കിയ അക്കാദമിക് ഡയറക്ടര്‍ ഡോ. സ്റ്റീവന്‍ നോട്ട്‌ലി തന്റെ ബ്ലോഗില്‍ കുറിച്ചു.

റോമന്‍ കാലഘട്ടത്തിലെ നാണയങ്ങള്‍, വിളക്കുകള്‍, അരയ്ക്കാനുപയോഗിക്കുന്ന കല്ലുകള്‍, ഒരു പൊതുമന്ദിരത്തിലെ തൂണിന്റെ ഭാഗം എന്നിവയ്ക്കൊപ്പം, റോമന്‍ കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന ഗ്രീക്ക് സംസ്‌കാരത്തിന്റെ അവശിഷ്ടങ്ങളും ഉദ്ഖനനത്തില്‍ നിന്ന് ലഭിച്ചു. ബെത്സയിദ നഗരം 'ജൂലിയസ്' എന്ന റോമന്‍ നഗരമായി പുനര്‍നാമകരണം ചെയ്യപ്പെട്ട കാലഘട്ടത്തില്‍ ഇവിടെ യഹൂദര്‍ അധിവസിച്ചിരുന്നു എന്നതിന് വ്യക്തമായ തെളിവായി, ഇവിടെ നിന്ന് കണ്ടെടുത്തതും എ.ഡി 70-ന് മുന്‍പ് ജെറുസലേമില്‍ മാത്രം നിര്‍മിക്കപ്പെട്ടിരുന്നതുമായ ഹെറോദിയന്‍ വിളക്കുകളും പാത്രങ്ങളും ഗവേഷകര്‍ ചൂണ്ടിക്കാണിച്ചു.

Tags

Share this story

From Around the Web