ആറന്മുള റിസോര്‍ട്ട് കൊലപാതകം; പ്രണയാഭ്യര്‍ഥന നിരസിച്ചതിലെ വൈരാഗ്യം; ജിത്തു ലഹരിക്കേസിലും പ്രതി, കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്ന് ദൃക്‌സാക്ഷികളും പൊലീസും
പത്തനംതിട്ട: ആറന്മുള മാരാമണ്ണിലെ റിസോര്‍ട്ടില്‍ വെച്ച് യുവതിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ലഹരികേസിലെയും പ്രതിയെന്ന് പൊലീസ്. ആറന്മുള പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ നിലവില്‍ ലഹരികേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കൊലപാതകത്തിന് ശേഷം യാതൊരു കുറ്റബോധവുമില്ലാതെയാണ് പ്രതി പെരുമാറിയതെന്ന് ദൃക്‌സാക്ഷികളും പൊലീസും പറയുന്നു.
കുളത്തൂപ്പുഴ സ്വദേശിനിയായ പെണ്‍കുട്ടി കോഴഞ്ചേരിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠനത്തിനെത്തിയപ്പോഴാണ് പ്രതി ജിത്തുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിക്ക് താമസ സൗകര്യവും ഈ റിസോര്‍ട്ടില്‍ ജോലിയും ശരിയാക്കി നല്‍കിയത് ജിത്തുവാണ്. എന്നാല്‍ പെണ്‍കുട്ടി തന്നോട് സൗഹൃദത്തോടെ പെരുമാറുന്നത് പ്രണയമാണെന്ന് ഇയാള്‍ തെറ്റിദ്ധരിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ഥന നടത്തിയെങ്കിലും, തനിക്ക് മറ്റൊരാളോട് ഇഷ്ടമാണെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഇയാള്‍ കൊലപാതകം ആസൂത്രണം ചെയ്തത്.
സംഭവദിവസം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം കൈയില്‍ കരുതിയിരുന്ന കത്തിയുപയോഗിച്ച് കഴുത്തറുക്കുകയും പലതവണ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തടയാന്‍ ഓടിയെത്തിയവരെയും ഇയാള്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി. കരുതിക്കൂട്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ഇയാള്‍ കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാന്‍ രക്തപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.