ഏപ്രില്‍ 9-ന് കേരളത്തില്‍ പൊതുഅവധി. സ്വകാര്യ മേഖലയില്‍ ശമ്പളത്തോടുള്ള അവധി നല്‍കാന്‍ നിര്‍ദേശം
നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുഭരണ വകുപ്പ് പൊതുഅവധി പ്രഖ്യാപിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും അന്ന് അവധിയായിരിക്കും. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വോട്ട് രേഖപ്പെടുത്തുന്നതിനായി ശമ്പളത്തോടു കൂടിയ അവധി നൽകണമെന്ന് ഉത്തരവിൽ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.
സ്വന്തം മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്നവർക്കും താൽക്കാലിക ജീവനക്കാർക്കും വോട്ട് ചെയ്യാൻ പോകാനായി ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും.
കേരളത്തിന് പുറമെ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രിൽ 9-നാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ. നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ ഇനി ഒരു പ്രവൃത്തി ദിവസം കൂടി മാത്രമാണ് ബാക്കിയുള്ളത്.
പ്രമുഖ സ്ഥാനാർത്ഥികൾ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോധനയും വ്യാഴാഴ്ച പത്രിക പിൻവലിക്കാനുള്ള അവസാന തീയതിയുമാണ്. വോട്ടർ പട്ടികയിൽ ഇതുവരെ പേര് ചേർക്കാത്തവർക്ക് അതിനുള്ള അവസാന അവസരവും നാളെയാണെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.