ഈസ്റ്റര്‍ ഞായര്‍ ഭീകരാക്രമണം: 14 പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് ശ്രീലങ്കന്‍ ഹൈക്കോടതി,2019 ഏപ്രില്‍ 21-നാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്
2019ല്‍ ശ്രീലങ്കയെ നടുക്കിയ ഈസ്റ്റര്‍ ഞായര്‍ ഭീകരാക്രമണക്കേസില്‍ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കൊളംബോ ഹൈക്കോടതി കണ്ടെത്തി. കേസില്‍ വിചാരണ നേരിട്ട 24 പ്രതികളില്‍ 14 പേര്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ഭീകരവാദ ഗൂഢാലോചന, സ്‌ഫോടകവസ്തുക്കള്‍ കൈവശം വയ്ക്കല്‍ തുടങ്ങിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി മൂന്നംഗ ബെഞ്ച് വിധിച്ചു.
മറ്റൊരു പ്രതി ഭാഗികമായി കുറ്റക്കാരനാണെന്ന് കണ്ടെത്തിയപ്പോള്‍, ഒന്‍പത് പേരെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടു. 279 പേരുടെ മരണത്തിനും അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയാക്കിയ ആക്രമണത്തില്‍ വര്‍ഷങ്ങള്‍ നീണ്ട വിചാരണയ്ക്ക് ശേഷമാണ് നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത്.
2019 ഏപ്രില്‍ 21-നാണ് ലോകത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. കൊളംബോയിലെയും പരിസരങ്ങളിലെയും മൂന്ന് ആഡംബര ഹോട്ടലുകളിലും മൂന്ന് ക്രൈസ്തവ ദൈവാലയങ്ങളിലും ചാവേറുകള്‍ ബോംബാക്രമണം നടത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ 45 വിദേശികളും ഉള്‍പ്പെടുന്നു.
ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്ത ചാവേറുകള്‍ക്ക് ആവശ്യമായ സഹായങ്ങളും സ്‌ഫോടകവസ്തുക്കളും എത്തിച്ചുനല്‍കി എന്നതാണ് നിലവില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെയുള്ള പ്രധാന ആരോപണം. ചാവേര്‍ സംഘത്തിന് പിന്തുണ നല്‍കിയ മുഹമ്മദ് നൗഫര്‍ എന്നയാളാണ് കേസിലെ പ്രധാന ആസൂത്രകരിലൊരാളെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
കേസില്‍ നീതി ലഭിച്ചതായി ശ്രീലങ്കയിലെ കത്തോലിക്കാ സഭ പ്രതികരിച്ചു. അതേസമയം, ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച യഥാര്‍ഥ മാസ്റ്റര്‍മൈന്‍ഡുകളെ ഇനിയും പുറത്തുകൊണ്ടുവരാനുണ്ടെന്ന് ആക്രമണത്തെ അതിജീവിച്ചവരും സഭാധികാരികളും അഭിപ്രായപ്പെട്ടു.