അധ്യാപക നിയമനം: മന്ത്രി ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെ, പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്

കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിലെ അപ്രഖ്യാപിത നിയമന നിരോധനം മറയ്ക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഭിന്നശേഷി നിയമനം മറയാക്കുന്നത് നിഷിപ്ത താല്പര്യങ്ങളോടെയാണെന്നും മന്ത്രിയുടെ പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കത്തോലിക്ക കോണ്‍ഗ്രസ്.
യഥാര്‍ത്ഥ വിഷയത്തില്‍നിന്ന് ശ്രദ്ധ മാറ്റാന്‍ സമൂഹത്തില്‍ ക്രൈസ്തവ വിരുദ്ധ ധ്രുവീകരണം ബോധപൂര്‍വം ഉണ്ടാക്കുന്ന മന്ത്രി നയം തിരുത്തണം. കത്തോലിക്ക മാനേജ്മെന്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് എതിരുനില്ക്കുകയാണെന്ന പൊതുബോധം സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്ന മന്ത്രി ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി നിയമനം ഒഴിച്ചിട്ടാല്‍ പോലും മറ്റ് സാധാരണ നിയമനങ്ങള്‍ പാസാക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ശമ്പളം ലഭിക്കാതെ അധ്യാപക കുടുംബങ്ങള്‍ പട്ടിണിയിലായതും ആത്മഹത്യകള്‍ ഉണ്ടായതും സര്‍ക്കാര്‍ കാണാത്തത് ജനദ്രോഹമാണ്. വിദ്യാഭ്യാസം മൗലിക അവകാശമാണന്നിരിക്കെ വിദ്യാഭ്യാസം പകര്‍ന്നു നല്‍കുന്ന അധ്യാപകര്‍ക്ക് നിയമന അംഗീകാരം നല്‍കാത്തത് ഭരണഘടനാ വിരുദ്ധമാണ്. എന്‍എസ് എസ് കേസിലെ സുപ്രീം കോടതി വിധിയിലെ മാനദണ്ഡം വേറെ ആര്‍ക്കും ബാധകമല്ലെന്ന് പറയുന്നത് ചേരിതിരിവ് ഉണ്ടാക്കാനാണ്.
വിദ്യാഭ്യാസ രംഗത്തെ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് ഒക്ടോബര്‍ 13 മുതല്‍ 24 വരെ നടക്കുന്ന 'അവകാശ സംരക്ഷണ യാത്രയിലൂടെ' കേരള സമൂത്തിന്റെ മുമ്പില്‍ തുറന്നുകാട്ടുമെന്നും നീതിക്കും അവകാശങ്ങള്‍ ഉറപ്പിക്കാനുമായി ശക്തമായ പ്രക്ഷോഭവുമായി കത്തോലിക്ക കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.