പേഴ്‌സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിന്റെ നിയമനം; നിയമസഭയിൽ പ്രതിപക്ഷ വിമർശനം, മൗനം പാലിച്ച് മന്ത്രി സണ്ണി ജോസഫ്
തിരുവനന്തപുരം: മന്ത്രി സണ്ണി ജോസഫിന്റെ പേഴ്‌സണൽ സ്റ്റാഫിൽ സഹോദരി ഭർത്താവിനെ നിയമിച്ച വിവാദം നിയമസഭയിൽ പ്രതിപക്ഷം ശക്തമായി ഉന്നയിച്ചു. എന്നാൽ, ഈ വിഷയത്തിൽ പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല. ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്നതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിനിടെയായിരുന്നു പ്രതിപക്ഷം ബന്ധുനിയമന വിഷയം സഭയിൽ കൊണ്ടുവന്നത്.
മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി കോൺഗ്രസ് നേതാവായ ബെന്നി തോമസിനെ (മന്ത്രിയുടെ സഹോദരി ഭർത്താവ്) നിയമിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ഇടതുസർക്കാരിന്റെ കാലത്തെ ബന്ധുനിയമനങ്ങളെ രൂക്ഷമായി വിമർശിച്ച യുഡിഎഫ്, അധികാരത്തിലെത്തിയപ്പോൾ അതേ പാത പിന്തുടരുകയാണെന്ന് വി. ജോയ് എംഎൽഎ ചൂണ്ടിക്കാട്ടി. ഭരണാനുകൂല സംഘടനകളുടെ അപേക്ഷ പ്രകാരം ഉദ്യോഗസ്ഥരെ തിരഞ്ഞുപിടിച്ച് സ്ഥലം മാറ്റുകയാണെന്നും, രോഗികളെയും വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളവരെയും പോലും ഒഴിവാക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
ജീവനക്കാരുടെ സ്ഥലംമാറ്റം സ്വാഭാവിക നടപടി മാത്രമാണെന്ന് മന്ത്രി സണ്ണി ജോസഫ് വിശദീകരിച്ചു. ഇടതുഭരണകാലത്ത് കോൺഗ്രസ് സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ പട്ടിക നിരത്തിയായിരുന്നു മന്ത്രിയുടെ മറുപടി. ഇടത് സർക്കാരിന്റെ നയങ്ങളല്ല യുഡിഎഫ് പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, പ്രതിപക്ഷം ഉയർത്തിയ ബന്ധുനിയമനം സംബന്ധിച്ച ആരോപണത്തിന് മറുപടി നൽകാൻ മന്ത്രി തയ്യാറായില്ല.
സഭയിൽ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുഖ്യമന്ത്രി സന്ദർഭവശാൽ സഭയിലില്ലാത്തതിനാൽ പാർലമെന്ററികാര്യ മന്ത്രിയാണ് വിഷയത്തിൽ മറുപടി നൽകിയത്.