കണ്ണൂർ ജില്ലാ സെക്രട്ടറി നിയമനം, കെ കെ രാഗേഷിനെതിരായ പരാതിയുമായി പാർട്ടിയിലെ ഒരു വിഭാഗം, കേന്ദ്ര നേതൃത്വത്തിന് കത്ത്
തിരുവനന്തപുരം: കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎം നേതൃത്വത്തിൽ ഭിന്നത. പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായാണ് നിയമനം നടന്നതെന്ന് ആരോപിച്ച് ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗം സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് പരാതി നൽകി.
കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ അംഗമല്ലാത്ത ഒരാളെ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് പരാതിയിൽ ഉന്നയിക്കുന്ന പ്രധാന വിമർശനം. എന്നാൽ, മുതിർന്ന സംസ്ഥാന കമ്മിറ്റി അംഗം എന്ന പരിഗണനയിലാണ് രാഗേഷിനെ നിയമിച്ചതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണം. സമീപകാല തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾക്ക് പിന്നാലെയാണ് നേതൃത്വത്തിനെതിരെ ജില്ലയിൽ പടലപ്പിണക്കങ്ങൾ രൂക്ഷമായിരിക്കുന്നത്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലങ്ങൾ അവലോകനം ചെയ്യുന്നതിനായി ഡൽഹിയിൽ ചേർന്നിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സമാപിച്ചു. യോഗത്തിന് ശേഷം പിണറായി വിജയനും എം.വി. ഗോവിന്ദനും മടങ്ങി. ഇരുവരും മാധ്യമങ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല. യോഗത്തിൽ കൈക്കൊണ്ട അന്തിമ തീരുമാനങ്ങൾ ജനറൽ സെക്രട്ടറി എം.എ. ബേബി നാളെ വാർത്താ സമ്മേളനത്തിലൂടെ വിശദീകരിക്കും.