എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം: സര്‍ക്കാരിന് വിഭാഗീയമായ സമീപനമില്ല. എയ്ഡഡ് സ്ഥാപനങ്ങളോട് തുല്യമായ പരിഗണനയാണുള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം:എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനത്തില്‍ സര്‍ക്കാരിന് വിഭാഗീയമായ സമീപനം ഇല്ലെന്നും എയ്ഡഡ് സ്ഥാപനങ്ങളോട് തുല്യമായ പരിഗണനയാണുള്ളതെന്നും മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍.
എയ്ഡഡ് മേഖലയില്‍ ഒരു ലക്ഷത്തി പന്ത്രണ്ടായിരത്തിലേറെ നിയമനങ്ങള്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ 60000 ല്‍ ഏറെ അധ്യാപക അനധ്യാപക നിയമനങ്ങളും നടത്തി. 1503 ഭിന്നശേഷി നിയമനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏതെങ്കിലും എയ്ഡഡ് നിയമനത്തിന് സര്‍ക്കാര്‍ എതിരെ നിന്നിട്ടുണ്ടോ എന്നും മന്ത്രി നിയമസഭയില്‍ ഉന്നയിച്ചു.
ക്രിസ്ത്യന്‍ ഹിന്ദു മുസ്ലിം മാനേജ്‌മെന്റുകളോട് ഒരേ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് വരുന്നതുകൊണ്ട് ക്രിസ്ത്യാനികള്‍ ശിവന്‍കുട്ടിക്ക് എതിരാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കരുത്.
മോന്‍സ് ജോസഫിന്റെ പ്രസ്താവനയില്‍ അങ്ങനെയൊരു സ്വരം ഉണ്ട്. തിരുമേനിമാരുമായി തനിക്ക് നല്ല ബന്ധമാണുള്ളത്.
എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും ആവശ്യമില്ലാതെ വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ എന്ന് പറഞ്ഞ് കുഴപ്പം ഉണ്ടാക്കരുത് എന്നും മന്ത്രി വ്യക്തമാക്കി.
അധ്യാപകരുടെ പ്രസവ അവധി നിഷേധിക്കുന്നുവെന്ന മോന്‍സ് ജോസഫ് എംഎല്‍എ യുടെ പരാമര്‍ശത്തിനെതിരെയും മന്ത്രി പ്രതികരിച്ചു. പ്രസവിക്കണമെന്നതാണ് ഞങ്ങളുടെ നിലപാട്, പ്രസവ അവധി നിഷേധിക്കലല്ല എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.