വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ വര്‍ഷത്തില്‍ പൂര്‍ണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി
വത്തിക്കാന്‍സിറ്റി:അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ മരണത്തിന്റെ എണ്ണൂറാം വാര്‍ഷികത്തി പൂര്‍ണ്ണദണ്ഡവിമോചനസാധ്യത അനുവദിച്ച് റോമന്‍ കൂരിയയുടെ അപ്പസ്‌തോലിക പെനിറ്റെന്‍ഷ്യറി.
വിശുദ്ധന്റെ മരണവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമന്‍ പാപ്പാ, 2025-ലെ പ്രത്യാശയുടെ ജൂബിലിയുടെ അവസാനത്തില്‍, 2026 ജനുവരി 10 മുതല്‍ 2027 ജനുവരി 10 വരെ നീളുന്ന 'പ്രത്യേക ഫ്രാന്‍സിസ്‌കന്‍ വര്‍ഷവും' പ്രഖ്യാപിച്ചു.
ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിരുനാള്‍ ആഘോഷിച്ചതിന് തലേന്ന് പെനിറ്റെന്‍ഷ്യറി ഇത്തരമൊരു ഡിക്രി പുറത്തുവിട്ടത്.
പതിവ് നിബന്ധനകള്‍ക്ക് വിധേയമായിരിക്കും തങ്ങള്‍ക്കുവേണ്ടിത്തന്നെയോ, ശുദ്ധീകരണസ്ഥലത്തുള്ള മരണമടഞ്ഞവര്‍ക്ക് വേണ്ടിയോ പൂര്‍ണ്ണദണ്ഡവിമോചനം നേടാനാകുക. കൗദാശിക കുമ്പസാരം, വിശുദ്ധ കുര്‍ബാന സ്വീകരണം, പരിശുദ്ധ പിതാവിന്റെ നിയോഗങ്ങള്‍ അനുസരിച്ചുള്ള പ്രാര്‍ത്ഥന എന്നിവയാണ് പ്രധാനമായി പൂര്‍ണ്ണദണ്ഡവിമോചനത്തിനുള്ള നിബന്ധനങ്ങള്‍.
ഫ്രാന്‍സിസ്‌കന്‍ സഭംഗങ്ങള്‍ക്കും, മറ്റുള്ള സമര്‍പ്പിതര്‍ക്കും സാധാരണ എല്ലാ വിശ്വാസികള്‍ക്കും നേടാനാകുന്ന ഈ ദണ്ഡവിമോചനത്തിന്റെ ഭാഗമായി, ഫ്രാന്‍സിസ്‌കന്‍ ദേവാലയങ്ങളോ, വിശുദ്ധന്റെ നാമധേയത്തിലുള്ളതോ, അതുമായി ബന്ധപ്പെട്ടതോ ആയ ഏതെങ്കിലും ദേവാലയത്തില്‍, ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തിന്റെ ഭാഗമായുള്ള തീര്‍ത്ഥാടനം നടത്തുകയും, ഭക്തികൃത്യങ്ങള്‍ ചെയ്യുകയും, ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ആളുകളില്‍ മറ്റുള്ളവര്‍ക്ക് നേര്‍ക്കുള്ള കരുണ വര്‍ദ്ധിക്കുന്നതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, സ്വര്‍ഗ്ഗസ്ഥനായ പിതാവേ, വിശ്വാസപ്രമാണം, പരിശുദ്ധ അമ്മയുടെ പ്രാര്‍ത്ഥനാഭ്യര്‍ത്ഥന, വിശുദ്ധ ഫ്രാന്‍സിസ് അസ്സീസി, വിശുദ്ധ ക്ലെയര്‍, ഫ്രാന്‍സിസ്‌കന്‍ കുടുംബത്തിലെ വിശുദ്ധര്‍ എന്നിവരോടുള്ള അപേക്ഷ, തുടങ്ങിയവയും ഡിക്രി അനുശാസിക്കുന്നുണ്ട്.
വയോധികരും, രോഗികളും, അവരെ ശുശ്രൂഷിക്കുന്നവരും, ഗൗരവതരമായ കാരണങ്ങളാല്‍ പുറത്തിറങ്ങാന്‍ സാധിക്കാത്തവരുമായ ആളുകള്‍ക്കും, പാപങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറിയും, പതിവായുള്ള മൂന്ന് നിബന്ധനങ്ങള്‍ കഴിയുന്നതും വേഗം ചെയ്യാനുള്ള തീരുമാനമെടുത്തും, അദ്ധ്യാത്മികമായി ഫ്രാന്‍സിസ്‌കന്‍ വര്‍ഷത്തിലെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും, പൂര്‍ണ്ണദണ്ഡവിമോചനം നേടാനാകും.
റോമന്‍ കൂരിയയുടെ മൂന്ന് ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് അപ്പസ്‌തോലിക് പെനിറ്റന്‍ഷ്യറി. കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയും റോമന്‍ ക്യൂറിയയിലെ ഏറ്റവും പഴയ ഡികാസ്റ്ററികളില്‍ ഒന്നുമാണ് ഇത്.