റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ അപ്പസ്തോലിക കാര്യാലയത്തിന് കേടുപാടുകൾ

 
Russia

കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രൈനിലെ വത്തിക്കാന്റെ അപ്പസ്തോലിക പ്രതിനിധിയുടെ താമസ സ്ഥലത്തിന് കേടുപാടുകൾ സംഭവിച്ചു. ഇക്കാര്യം അപ്പസ്തോലിക് ന്യൂണ്‍ഷോ ആര്‍ച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബൊക്കാസാണ് മാധ്യമങ്ങളെ അറിയിച്ചത്. ജൂലൈ 9,10 തീയതികളിൽ രാത്രി നടന്ന റഷ്യന്‍ ആക്രമണത്തിലാണ് നാശനഷ്ട്ടമുണ്ടായത്. റഷ്യ- യുക്രൈൻ യുദ്ധം വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ ഭീകരതയ്ക്ക് അയവു വന്നിട്ടില്ലെന്നും ഇതിന്റെ തെളിവാണ് ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെന്നും അപ്പസ്തോലിക പ്രതിനിധി വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നടന്ന ഡ്രോൺ ആക്രമണങ്ങളിലും മിസൈൽ വർഷത്തിലും കീവ് നഗരത്തിലെ വിവിധ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരിന്നു. കീവിൽ സ്ഥിതി ചെയ്യുന്ന അപ്പസ്തോലിക ന്യൂൺഷ്യോയുടെ ഭവനത്തിനു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ആക്രമണം നടന്ന സ്ഥലത്തു വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്നുണ്ടായിരിന്നു. ആളപായങ്ങളോ, മറ്റും ഉണ്ടായില്ലെന്നത് ആശ്വാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി തുടരുന്ന യുദ്ധത്തിൽ ഇരകളാകുന്ന സഹോദരങ്ങൾക്ക് വേണ്ടി ദിവസവും പ്രഭാതത്തിൽ ബലിയർപ്പിക്കുന്നത് തുടരുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.


എന്നാൽ തുടരെയുള്ള ഡ്രോൺ ആക്രമണങ്ങൾ മൂലം ആളുകൾക്ക് കൃത്യമായി ജോലികൾ ചെയ്യുവാൻ കഴിയാത്തതും ഏറെ വിഷമകരമാണ്. തകർന്ന റോഡുകൾ യാത്രാതടസം ഉണ്ടാക്കുന്നുണ്ട്. മിസൈലുകളുടെയും ഡ്രോണുകളുടെയും ഇന്ധനത്തിന്റെ വിഷവസ്തുക്കൾ നഗരം മുഴുവൻ വ്യാപിക്കുന്നതിനാൽ വായു മലിനീകരിക്കപ്പെടുകയും, നിരവധിയാളുകൾക്ക് അത് അനാരോഗ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ആക്രമണങ്ങളുടെ തീവ്രത വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ ഏവരുടെയും പ്രാർത്ഥന അഭ്യർത്ഥിക്കുകയാണെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

Tags

Share this story

From Around the Web