ആന്റോ അഗസ്റ്റിന്റെ അറസ്റ്റ്: 'പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം, പിടിച്ച മദ്യത്തിന്റെ അളവ് കൂടുതല്‍, ജാമ്യം തരാനാകില്ല' -കോടതി

 
ANTO

സുല്‍ത്താന്‍ ബത്തേരി: അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ തള്ളി സുല്‍ത്താന്‍ ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ജാമ്യാപേക്ഷ തള്ളിയതോടെ ആന്റോ റിമാന്‍ഡില്‍ തുടരും. പ്രതിക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, വീട്ടില്‍ നിന്നും പിടിച്ചെടുത്ത മദ്യത്തിന്റെ അളവ് വളരെ കൂടുതലാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
അന്വേഷണം പ്രാരംഭ ഘട്ടത്തിലായതിനാലും പിടിച്ചെടുത്ത മദ്യത്തിന്റെ അളവ് കൂടുതലായതിനാലും പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്തുമായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. അതേസമയം, ആന്റോ അഗസ്റ്റിന്റെ പേരില്‍ അല്ല വീട് എന്ന വാദം കോടതി തള്ളി. പിന്നീട് പരിഗണിക്കേണ്ട തെളിയിക്കപ്പെടേണ്ട വിഷയമാണിതെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റില്‍ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും പ്രതിക്കും ബന്ധുക്കള്‍ക്കും (വാട്‌സാപ്പ് മുഖേന ഉള്‍പ്പെടെ) അറസ്റ്റ് വിവരങ്ങളും കാരണങ്ങളും കൃത്യമായി കൈമാറിയിട്ടുണ്ടെന്നും അറസ്റ്റ് നടപടികളില്‍ നിയമലംഘനമില്ലെന്നും കോടതി വ്യക്തമാക്കി.

കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്തെത്തി വയനാട്ടില്‍ നിന്നുള്ള എക്‌സൈസ് സംഘമാണ് ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആന്റോയുടെ വീടിന്റെ ഒന്നാം നിലയിലെ മുറിയില്‍ നിന്ന് 138 കുപ്പി മദ്യമാണ് എക്‌സൈസ് പിടിച്ചെടുത്തത്. വന്‍തോതില്‍ ശേഖരിച്ച് വെച്ച മദ്യം വില്‍പ്പനയ്ക്കായി സൂക്ഷിച്ചതാണെന്നാണ് എഫ്‌ഐആറിലെ പ്രാഥമിക നിഗമനം. അറസ്റ്റിന് മുന്നോടിയായി എക്സൈസ് ഉദ്യോഗസ്ഥര്‍ ആന്റോയെ അഞ്ചു മണിക്കൂറോളം വിശദമായി ചോദ്യം ചെയ്തിരുന്നു.
മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ എക്‌സൈസ് ഉദ്യോഗസ്ഥരില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും ഇല്ലെന്നായിരുന്നു ആന്റോയുടെ മറുപടി.വലിയ തോതില്‍ മദ്യം കണ്ടെടുത്തതിനാല്‍ കേസില്‍ തുടരന്വേഷണം അത്യാവശ്യമാണെന്നും അതിനാല്‍ പ്രതിക്ക് ജാമ്യം നല്‍കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ശക്തമായി വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

Tags

Share this story

From Around the Web