തൃപ്പൂണിത്തുറയില്‍ സാമൂഹിക വിരുദ്ധര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്ന് ഫ്യൂസ് ഊരി മാറ്റി; പൊലീസില്‍ പരാതി നല്‍കി കെഎസ്ഇബി
എറണാകുളം: തൃപ്പൂണിത്തുറയില്‍ സാമൂഹിക വിരുദ്ധര്‍ ട്രാന്‍സ്‌ഫോര്‍മറുകളില്‍ നിന്ന് ഫ്യൂസുകള്‍ ഊരി. വെള്ളക്കിനാവ്, കിടങ്ങ് ഭാഗങ്ങളിലുള്ള രണ്ട് ട്രാന്‍സ്‌ഫോര്‍മറുകളിലാണ് ഫ്യൂസുകള്‍ ഊരിയ നിലയില്‍ കണ്ടെത്തിയത്. ഫ്യൂസ് ഊരി മാറ്റിയതിനെ തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി വിതരണം തടസപ്പെട്ടു.
സംഭവത്തില്‍ കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരുടെ ഇടപെടലാണ് വഴിത്തിരിവായത്. പവര്‍കട്ടിന് ശേഷവും കറന്റ് വരാതിരിക്കുകയും വഴിവിളക്കുകള്‍ മാത്രം കത്തിക്കിടക്കുകയും ചെയ്തതോടെ നാട്ടുകാര്‍ക്ക് സംശയം തോന്നി ട്രാന്‍സ്‌ഫോര്‍മര്‍ പരിശോധിക്കുകയിരുന്നു.
ഇതിനുപിന്നാലെയാണ് ഫ്യൂസ് ഊരി മാറ്റിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് കെഎസ്ഇബിയെ വിവരമറിയിക്കുകയും ചെയ്തു. പരിശോധനയില്‍ ചില ഫ്യൂസുകള്‍ സമീപത്തെ തോട്ടില്‍ എറിഞ്ഞതായും മറ്റ് ചിലത് തകര്‍ത്ത നിലയിലും കണ്ടെത്തി.
കഴിഞ്ഞ ദിവസം പറവൂരിലും സമാനമായ സംഭവം ഉണ്ടായിരുന്നു. നിലവില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വഷളാക്കാന്‍ ചിലര്‍ മനഃപൂര്‍വം ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.