മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ജനാധിപത്യത്തിനേറ്റ മുറിവെന്ന് ഇന്ത്യന്‍ കത്തോലിക്കാ അല്‍മായ സംഘടന

വത്തിക്കാന്‍സിറ്റി:മതപരിവര്‍ത്തനവിരുദ്ധനിയമങ്ങള്‍ എന്ന പേരില്‍ പന്ത്രണ്ട് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന നിബന്ധനകള്‍ രാജ്യത്തെ ജനാധിപത്യത്തിനേറ്റ മുറിവും, ദേശീയ ധാര്‍മ്മികതയ്ക്കും വിശ്വാസ സ്വാതന്ത്ര്യത്തിനും മനഃസാക്ഷിക്കും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനുമെതിരായ കുറ്റവുമാണെന്ന് 'ഇന്ത്യന്‍ കത്തോലിക്കാ അല്‍മായ സംഘടന പ്രസ്താവിച്ചതായി ഫീദെസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ പൊതുസമ്മേളനത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ മാംഗളൂരില്‍ ഒരുമിച്ച് ചേര്‍ന്ന അവസരത്തിലാണ് സംഘടന ഇത്തരമൊരു പ്രസ്താവന നടത്തിയത്.
തങ്ങളുടെ മതവിശ്വാസത്തെ ഒരു മജിസ്ട്രേറ്റിന്റെ അംഗീകാരത്തിന് കീഴിലാക്കുന്ന നിലവിലെ മതപരിവര്‍ത്തനവിരുദ്ധനിയമങ്ങള്‍, സ്വാതന്ത്ര്യം കുറയ്ക്കുന്നതിനും മനുഷ്യമനഃസാക്ഷിയില്‍ സമ്മര്‍ദ്ധം ചെലുത്തുന്നതിനും കാരണമാകുന്നുവെന്ന്, 106 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിക്കപ്പെട്ടതും ഏലിയാസ് വാസ് എന്ന പ്രസിഡന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ സംഘടന പ്രഖ്യാപിച്ചു.
ഹിന്ദു ദേശീയവാദി സംഘടനകള്‍ ഇത്തരം നിയമങ്ങള്‍ ചൂഷണം ചെയ്യുകയും അവയില്‍ കൃത്രിമം കാട്ടുകയും മറ്റു മതവിശ്വാസികളെ പ്രത്യേകിച്ച് ന്യൂന പക്ഷമതവിശ്വാസികളെ കുറ്റവാളികളാക്കുന്നതിന് ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്നും സംഘടന അഭിപ്രായപ്പെട്ടതായി ഫീദെസ് എഴുതി.
മതന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള വിദ്വേഷത്തിന്റെയും വൈരാഗ്യബുദ്ധിയുടെയും ചിന്താധാരകളെ തള്ളിക്കളഞ്ഞ സംഘടന, 'ബന്ധുത്വ' എന്ന പേരില്‍ മതാന്തരസംവാദങ്ങളുടെ പാത തിരഞ്ഞടുത്തു. രാജ്യത്തിന്റെ വിവിധയിടങ്ങളിനിന്നുള്ള നൂറ്റന്‍പതോളം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ രാജസ്ഥാന്‍ (2025), കര്‍ണാടക, ഹരിയാന (2022), മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത് (2021), ഹിമാചല്‍ പ്രദേശ് (2019), ഉത്തരാഖണ്ഡ് (2018), ജാര്‍ഖണ്ഡ് (റമഹ 2017), ഛത്തീസ്ഗഢ് (2006), അരുണാചല്‍ പ്രദേശ് (1978), ഒഡീഷ (1967) എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ മതപരിവര്‍ത്തനവിരുദ്ധനിയമങ്ങള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് സംഘടന അറിയിച്ചു.
ചില സംസ്ഥാനങ്ങളില്‍ അറുപതുകളുടെ അവസാനം ഈ നിയമം നിലനിന്നിരുന്നുവെങ്കിലും കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലാണ് ഇത് കൂടുതല്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ചതെന്ന് സംഘടനയില്‍ അംഗവും മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ദയാല്‍ ഫീദെസിനോട് പറഞ്ഞു. തെറ്റായ പ്രസ്താവനകള്‍, ബലപ്രയോഗം, അധികമായ സ്വാധീനം, നിര്‍ബന്ധം, പ്രീതിപ്പെടുത്തലും മറ്റേതങ്കിലും വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളും, വിവാഹബന്ധം തുടങ്ങിയവയിലൂടെ ഉണ്ടാകുന്ന മതപരിവര്‍ത്തനം നിയമാനുസൃതമല്ലെന്നാണ് കണക്കാക്കപ്പെടുന്നതെന്ന് 2025-ല്‍ രാജസ്ഥാനില്‍ അംഗീകരിക്കപ്പെട്ട ഒരു നിയമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം വിശദീകരിച്ചു. പ്രീതിപ്പെടുത്തല്‍ പോലെയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തുന്നതിലൂടെ, ഏതൊരു മതപരിവര്‍ത്തനത്തെയും നിയമവിരുദ്ധമായി വ്യാഖ്യാനിക്കാനുള്ള സാധ്യതയാണ് തുറക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിച്ചു.
മതം മാറാന്‍ ഉദ്ദേശിക്കുന്നയാള്‍, മറിച്ച് തെളിയിക്കുംവരെ അദ്ധേഹത്തിന്റെ മതപരിവര്‍ത്തനം നിയമവിരുദ്ധമാണെന്ന് കരുതപ്പെടാവുന്ന രീതിയിലാണ് നിയമങ്ങള്‍ രൂപീകരിക്കപ്പെട്ടിരിക്കുന്നതെന്ന് ഫീദെസ് റിപ്പോര്‍ട്ട് ചെയ്തു.
ഏവരുടെയും വിശ്വാസത്തിന്റെയും മനഃസാക്ഷിയുടെയും സ്വാതന്ത്ര്യവും അവകാശങ്ങളും ഉറപ്പാക്കാന്‍ വേണ്ടി പരിശ്രമിക്കുമെന്ന് 'ഇന്ത്യന്‍ കത്തോലിക്കാ അല്‍മായ സംഘടന' ഉറപ്പുനല്‍കി.