ഫ്രാൻസിൽ വ്യക്തികൾക്കെതിരെയുള്ള ക്രൈസ്തവ വിരുദ്ധ അതിക്രമങ്ങളിൽ 70 ശതമാനം വർധനവ്: സർക്കാർ റിപ്പോർട്ട് പുറത്ത്

 
cross

ഫ്രാൻസിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിലും അതിക്രമങ്ങളിലും വൻ വർധനവുണ്ടായതായി സർക്കാർ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. വ്യക്തിഗതമായി ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള അതിക്രമങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് 70 ശതമാനത്തിന്റെ വർധനവുണ്ടായതായി യൂറോപ്പിലെ ക്രൈസ്തവർക്കെതിരെയുള്ള അസഹിഷ്ണുതയും വിവേചനവും നിരീക്ഷിക്കുന്ന സംഘടനയായ ‘ഒ.ഐ.ഡി.എ.സി യൂറോപ്പ്’ ചൂണ്ടിക്കാണിക്കുന്നു.

ഫ്രഞ്ച് സർക്കാരിന്റെ റിപ്പോർട്ടുകൾ ഉദ്ധരിച്ച് ഒ.ഐ.ഡി.എ.സി വ്യക്തമാക്കുന്നതനുസരിച്ച്, ദൈവാലയങ്ങൾക്കും ക്രിസ്തീയ സ്ഥാപനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾക്ക് പുറമെ, വ്യക്തിഗതമായി വൈദികരും വിശ്വാസികളും നേരിടുന്ന അതിക്രമങ്ങൾ ആശങ്കാജനകമായ രീതിയിലാണ് വർധിച്ചിരിക്കുന്നത്. ക്രൈസ്തവ സമൂഹത്തിലെ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ശാരീരിക ആക്രമണ സംഭവങ്ങൾ മുൻവർഷത്തെക്കാൾ ഇരട്ടിയായി. വൈദികർക്കും മറ്റ് സഭാ ഭാരവാഹികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങളിൽ നാല് മടങ്ങ് വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ദൈവാലയങ്ങളിൽ നടക്കുന്ന പ്രാർഥനകളും ആരാധനാ ശുശ്രൂഷകളും തടസ്സപ്പെടുത്തുന്ന സംഭവങ്ങളിലും വിശ്വാസികളെ ഭീഷണിപ്പെടുത്തുന്നതിലും 86 ശതമാനത്തിന്റെ വർധനവുണ്ടായതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദൈവാലയങ്ങൾക്ക് നേരെയുള്ള അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കും പുറമെ, വ്യക്തിപരമായ ആക്രമണങ്ങൾ രൂക്ഷമാകുന്നത് യൂറോപ്പിലെ ക്രൈസ്തവ സമൂഹത്തിൽ ഭീതി സൃഷ്ടിക്കുന്നുണ്ടെന്ന് ഒ.ഐ.ഡി.എ.സി യൂറോപ്പ് വ്യക്തമാക്കുന്നു.

യൂറോപ്യൻ രാജ്യങ്ങളിൽ വളർന്നു വരുന്ന ക്രൈസ്തവ വിരുദ്ധ മാനസികാവസ്ഥയ്ക്കും ആക്രമണങ്ങൾക്കുമെതിരെ ശക്തമായ നിയമനടപടികളും പ്രതിരോധ മാർഗങ്ങളും സ്വീകരിക്കണമെന്ന് വിവിധ മനുഷ്യാവകാശ-മതസ്വാതന്ത്ര്യ സംഘടനകൾ അധികാരികളോട് ആവശ്യപ്പെട്ടു.

Tags

Share this story

From Around the Web