ക്രൈസ്തവ വിരുദ്ധ കലാപക്കേസ്: പാകിസ്ഥാനിൽ അപൂർവ ശിക്ഷാവിധി; പ്രതിക്ക് പത്ത് വർഷം കഠിന തടവ്
ഫൈസലാബാദ്: പാകിസ്ഥാനിലെ ജരൻവാലയിൽ 2023 ഓഗസ്റ്റിൽ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണക്കേസിൽ ചരിത്രപരമായ വിധി. അക്രമത്തിൽ പങ്കാളിയായ ക്രെയിൻ ഓപ്പറേറ്റർ ഇർഫാൻ യൂസഫിന് പാകിസ്ഥാനിലെ ഭീകരവിരുദ്ധ കോടതി പത്തു വർഷം കഠിനതടവ് വിധിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരായ ആൾക്കൂട്ട അക്രമങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടുന്നത് പാകിസ്ഥാനിൽ അത്യപൂർവ്വമായതിനാൽ ഈ വിധി ഒരു ചെറിയ ചുവടുവെപ്പായി വിശ്വാസി സമൂഹം കാണുന്നു.
2023 ഓഗസ്റ്റ് 16 ന് ഖുറാൻ അവഹേളിച്ചെന്ന വ്യാജ ആരോപണത്തെത്തുടർന്ന് ജരൻവാലയിലെ ക്രൈസ്തവ കോളനികൾക്ക് നേരെ അക്രമാസക്തരായ ജനക്കൂട്ടം അഴിഞ്ഞാടുകയായിരുന്നു. 26 ദേവാലയങ്ങളും എൺപതിലധികം ക്രൈസ്തവ ഭവനങ്ങളുമാണ് അന്ന് തീയിട്ടും തകർത്തും നശിപ്പിക്കപ്പെട്ടത്.
അക്രമത്തിനിടയിൽ ക്രെയിൻ ഉപയോഗിച്ച് ദേവാലയവും വീടും തകർക്കുന്ന പ്രതിയുടെ ദൃശ്യങ്ങൾ വാഹിദ മുഖ്താർ എന്ന ധീരയായ ക്രൈസ്തവ യുവതി തന്റെ മൊബൈലിൽ പകർത്തിയത് കേസന്വേഷണത്തിൽ നിർണായകമായി. ഈ വീഡിയോ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനയിൽ തെളിയിക്കപ്പെട്ടതാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ സഹായിച്ചത്.
വിചാരണാ വേളയിൽ സാക്ഷികളായ ക്രൈസ്തവർക്ക് നേരെ അതിക്രൂരമായ പ്രതികാര നടപടികളാണ് ഉണ്ടായത്. വീഡിയോ ചിത്രീകരിക്കുന്നതിനിടെ കല്ലേറിൽ പരിക്കേറ്റ വാഹിദ മുഖ്താറിന് തന്റെ സർക്കാർ ജോലി നഷ്ടപ്പെട്ടു. കൂടാതെ അവർ നടത്തിയിരുന്ന ജിംനേഷ്യം ഉപഭോക്താക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് അടച്ചുപൂട്ടേണ്ടി വന്നു. മറ്റു ക്രൈസ്തവ യുവാക്കൾക്ക് ജോലി നിഷേധിക്കുകയും പലരുടെയും ഉപജീവനമാർഗങ്ങൾ തകർക്കുകയും ചെയ്തുകൊണ്ട് വലിയൊരു വിഭാഗം ഇപ്പോഴും പീഡനങ്ങളുടെ നിഴലിലാണ്.
ഈ വിധി കേവലം തുടക്കം മാത്രമാണെന്നും പൂർണ നീതി ഇനിയും അകലെയാണെന്നും സഭാ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത അക്രമത്തിൽ ഒരാൾക്ക് മാത്രം ശിക്ഷ ലഭിച്ചത് നീതിപൂർവ്വമല്ലെന്ന് കത്തോലിക്കാ സഭയുടെ നാഷണൽ കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ് പീസ് പ്രതികരിച്ചു. ഹൈദരാബാദ് ബിഷപ് സാംസൺ ഷുക്കാർദിൻ, ഫാ. ബെർണാഡ് ഇമ്മാനുവൽ എന്നിവർ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തി.
2009-ന് ശേഷം പാകിസ്ഥാനിൽ ക്രൈസ്തവർക്കെതിരെ നടന്ന മിക്ക ആൾക്കൂട്ട അക്രമങ്ങളിലും പ്രതികൾ ഒടുവിൽ വിട്ടയക്കപ്പെടുകയാണ് പതിവ്. ഈ പശ്ചാത്തലത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളെ തെരുവിലിറക്കുകയും വിശ്വാസത്തെ വ്രണപ്പെടുത്തുകയും ചെയ്ത ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകർ ഇനിയും നിയമത്തിന് മുന്നിലെത്തേണ്ടതുണ്ട്.
അക്രമം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ്. നീതിയുടെ സുതാര്യമായ ഒരു അന്തരീക്ഷം പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിശ്വാസി സമൂഹം.