യൂറോപ്പില്‍ ക്രൈസ്തവ വിദ്വേഷവും അനുബന്ധ കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ഫെബ്രുവരി മാസത്തില്‍ മാത്രം 34 ഓളം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങള്‍

 
europe

മ്യൂണിക്ക്: ജര്‍മ്മനിയിലെ മ്യൂണിക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒബ്സര്‍വേറ്ററി ഓണ്‍ ഇന്‍ടോളറന്‍സ് ആന്‍ഡ് ഡിസ്‌ക്രിമിനേഷന്‍ എഗെയ്ന്‍സ്റ്റ് ക്രിസ്ത്യന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യൂറോപ്പില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ആശങ്കാജനകമാംവിധം വര്‍ധിക്കുകയാണ്. 

ഫെബ്രുവരി മാസത്തില്‍ മാത്രം 34 ഓളം ക്രൈസ്തവ വിരുദ്ധ കുറ്റകൃത്യങ്ങളാണ് വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 

ദേവാലയങ്ങള്‍, ക്രൈസ്തവ വിശ്വാസ ചിഹ്നങ്ങള്‍ എന്നിവയെയും വിശ്വാസികളെയും ലക്ഷ്യം വെച്ചാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ക്രൈസ്തവര്‍ക്കെതിരെയുള്ള അസഹിഷ്ണുതയും ആക്രമണങ്ങളും യൂറോപ്പില്‍ പുതിയ വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞ മാസമുണ്ടായ അക്രമ സംഭവങ്ങളില്‍ പകുതിയും (17 എണ്ണം) പള്ളികളും വിശ്വാസ ചിഹ്നങ്ങളും നശിപ്പിക്കുന്ന രീതിയിലുള്ളവയായിരുന്നു. ഇതിനു പുറമെ 11 ഓളം തീവെപ്പ് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

ദേവാലയങ്ങള്‍ അശുദ്ധമാക്കുക, വിശുദ്ധ വസ്തുക്കള്‍ ലക്ഷ്യം വെച്ചുള്ള മോഷണങ്ങള്‍, ശാരീരികമായ അക്രമങ്ങള്‍, ശ്മശാനങ്ങള്‍ നശിപ്പിക്കല്‍ എന്നിവയും ഈ വിദ്വേഷ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.

 ക്രൈസ്തവ വിശ്വാസത്തോടുള്ള വിരോധം പ്രകടമാക്കുന്ന രീതിയിലുള്ള ഇത്തരം അക്രമങ്ങള്‍ സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

വിവിധ രാജ്യങ്ങളിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ നിലവില്‍ ഫ്രാന്‍സും ഇറ്റലിയുമാണ് ഈ പട്ടികയില്‍ മുന്നിട്ടുനില്‍ക്കുന്നത്. ഇരു രാജ്യങ്ങളിലുമായി ഏഴ് അക്രമ സംഭവങ്ങള്‍ വീതം ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തു. 

ജര്‍മ്മനിയില്‍ ആറും നെതര്‍ലന്‍ഡ്സില്‍ മൂന്നും അക്രമങ്ങള്‍ നടന്നപ്പോള്‍ സ്‌പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളില്‍ രണ്ട് വീതം കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 കൂടാതെ പോളണ്ട്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലും ഓരോ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടനില്‍ നാലും ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയില്‍ ഒന്നും അക്രമസംഭവങ്ങള്‍ കഴിഞ്ഞ മാസമുണ്ടായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കൃത്യമായ ആസൂത്രണത്തോടെയുള്ള അക്രമങ്ങളാണ് പലയിടത്തും നടന്നതെന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഫ്രാന്‍സിലെ ലോയ്‌റെറ്റില്‍ ഒരു പള്ളിയുടെ അള്‍ത്താരയ്ക്ക് തീയിടാനുള്ള ശ്രമം ഇതിന് ഉദാഹരണമാണ്. 

നെതര്‍ലന്‍ഡ്സിലെ എയ്ഡെയില്‍ വെറും അഞ്ച് ദിവസത്തിനുള്ളില്‍ മൂന്ന് പള്ളികളിലാണ് തീപിടുത്തമുണ്ടായത്. ഇവ യാദൃശ്ചികമല്ലെന്നും കരുതിക്കൂട്ടിയുള്ള അക്രമങ്ങളാണെന്നും അധികൃതര്‍ പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി.

 പള്ളികള്‍ക്കുള്ളിലെ വിശുദ്ധ വസ്തുക്കളെ അവഹേളിക്കുന്ന നടപടികള്‍ വിശ്വാസികളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന രീതിയിലായിരുന്നു.

ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങളുടെ എണ്ണവും തീവ്രതയും വര്‍ധിക്കുന്നത് യൂറോപ്പിലെ വിശ്വാസാചരണങ്ങള്‍ക്ക് നേരിട്ടുള്ള വെല്ലുവിളിയാണ്. മതസ്വാതന്ത്ര്യം എന്നത് ലോകത്തിന് മാതൃകയായിരുന്ന യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസം ഇത്തരം ഭീഷണികള്‍ നേരിടുന്നത് വൈരുദ്ധ്യമാണ്. 

ക്രൈസ്തവ സമൂഹത്തെ ഭയപ്പെടുത്തുകയും അവരുടെ വിശ്വാസപരമായ സ്വത്വം ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്വേഷ ഗ്രൂപ്പുകള്‍ പലതുണ്ടെന്ന സൂചനകളുണ്ട്. 

ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് കേവലം ക്രമസമാധാന പ്രശ്‌നം മാത്രമല്ല, മറിച്ച് ഒരു സമൂഹത്തിന്റെ അടിസ്ഥാന അവകാശങ്ങള്‍ക്കു മേലുള്ള കടന്നുകയറ്റം കൂടിയാണെന്ന് സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

യൂറോപ്പിലെ ചില മേഖലകളിലെ ക്രൈസ്തവര്‍ക്കിടയില്‍ ഈ സാഹചര്യം അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ഈ മതപരമായ അസഹിഷ്ണുതയ്‌ക്കെതിരെ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ അടിയന്തരമായും ശക്തമായും ഇടപെടേണ്ടത് അനിവാര്യമാണ്. 

ക്രൈസ്തവ വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാനും വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഉറപ്പാക്കാനും അന്താരാഷ്ട്ര തലത്തില്‍ ഗൗരവകരമായ ചര്‍ച്ചകളും നടപടികളും ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Tags

Share this story

From Around the Web