തലവേദനയായി അന്‍സാര്‍; കൊച്ചിയില്‍ കാര്‍ യാത്രികരെ ഭീഷണിപ്പെടുത്തിയ സ്ഥിരം കുറ്റവാളിക്കെതിരെ വീണ്ടും കേസ്, പോലീസിനെതിരെയും രൂക്ഷവിമര്‍ശനം
കൊച്ചി: കൊച്ചി നഗരത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടും റോഡ് റേഞ്ച് അക്രമണം. കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും പോലീസിനെ ആക്രമിക്കുകയും ചെയ്ത കൊച്ചിയിലെ സ്ഥിരം കുറ്റവാളി മുഹമ്മദ് അന്‍സാറിനെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഓഗസ്റ്റ് 22-ന് പാലാരിവട്ടം പാടിവട്ടത്തുവെച്ച് മറ്റൊരു കാര്‍ യാത്രക്കാരനായ റെജിന്‍സിനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ പുതിയ നടപടി ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് ഒമ്പതിന് കലൂരില്‍വെച്ച് കുടുംബം സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി അന്‍സാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും പോലീസ് നടപടി വൈകിക്കുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. പിന്നീട് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇയാളെ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബസിനുള്ളില്‍ വെച്ച് നോര്‍ത്ത് സ്റ്റേഷനിലെ എ.എസ്.ഐ. സുനില്‍ ജലീലിനെ അന്‍സാര്‍ തള്ളിയിട്ട് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നിട്ടും പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. പോലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിട്ടും ബി.എന്‍.എസ്. 132 പോലുള്ള കര്‍ശന വകുപ്പുകള്‍ ചുമത്തുന്നതിന് പകരം നിസ്സാര വകുപ്പുകള്‍ മാത്രമാണ് ചുമത്തിയത്. പ്രതിക്ക് എളുപ്പത്തില്‍ ജാമ്യം ലഭിക്കുന്ന തരത്തിലാണ് പോലീസ് നടപടികള്‍ നീങ്ങിയത്. ഓഗസ്റ്റ് ഒമ്പതിലെ സംഭവത്തിന് പിന്നാലെയാണ് ഓഗസ്റ്റ് 22-ന് വീണ്ടും സമാനമായ അതിക്രമം അന്‍സാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ബസിന്റെ ഗതാഗത നിയമലംഘനം ചോദ്യംചെയ്തതിനാണ് റെജിന്‍സിന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ബോണറ്റില്‍ അടിച്ച് അശ്ലീല ആംഗ്യങ്ങള്‍ കാട്ടിയും ഭീഷണിപ്പെടുത്തിയത്.
സംഭവം നടക്കുമ്പോള്‍ത്തന്നെ പോലീസിനെ അറിയിച്ചെങ്കിലും ബസിന് പിഴയിട്ട് പോലീസ് തടിയൂരികയായിരുന്നു. ഒടുവില്‍ സാമൂഹിക മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസിലും സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയും ചെയ്തതോടെയാണ് പോലീസ് വീണ്ടും അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. കൊച്ചിയിലെ റോഡുകളില്‍ യാത്രക്കാരുടെ സുരക്ഷ ചോദ്യം ചെയ്യുന്ന ഈ സംഭവത്തില്‍ പോലീസിന്റെ നിസ്സംഗതയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.