ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും മേഘവിസ്‌ഫോടനം. മിന്നല്‍ പ്രളയത്തില്‍ മരണം 9 ആയി. ദേശീയ പാത ഒലിച്ചുപോയി. നദികള്‍ കരകവിഞ്ഞതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ

 
flood

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ദോഡയില്‍ വീണ്ടും മേഘവിസ്‌ഫോടനം. പിന്നാലെയുണ്ടായ മിന്നല്‍ പ്രളയത്തില്‍ 9 പേര്‍ മരിച്ചു. 10 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഹിമാചലിലെ മണാലിയിലും നാശനഷ്ടമുണ്ടായിട്ടുണ്ട്.

കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

വിവിധ മേഖലകളില്‍ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു. റോഡിന്റെ ഒരു ഭാഗം ഒലിച്ചുപോയതിനെ തുടര്‍ന്ന് ദോഡയെയും കിഷ്ത്വാറിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 244 ലെ ഗതാഗതം നിര്‍ത്തിവച്ചു.

ശ്രീനഗറില്‍ നിന്ന് ജമ്മുവിലേക്ക് അടുത്ത വിമാനത്തില്‍ പോയി സ്ഥിതിഗതികള്‍ നേരിട്ട് നിരീക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വ്യക്തമാക്കി.

അടിയന്തര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും മറ്റ് അടിയന്തര സാഹചര്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി അധിക ഫണ്ട് അനുവദിക്കും. 

ദുരന്ത സാഹചര്യവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ക്കായി നടത്തുന്ന ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും. പ്രധാന നദികളായ താവി, രവി എന്നിവ അപകടരേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്. പല പ്രദേശങ്ങളിലും നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

Tags

Share this story

From Around the Web