സിറിയയില്‍ ക്രൈസ്തവഗ്രാമത്തിനു നേരെ വീണ്ടും ആക്രമണം; സുരക്ഷയും നീതിയും ആവശ്യപ്പെട്ട് ഗ്രാമവാസികള്‍,ആറുമാസത്തിനിടെ ഇത് രണ്ടാം തവണ

 
syria

സിറിയയില്‍ ക്രൈസ്തവര്‍ ഭൂരിപക്ഷമുള്ള അല്‍-സുഖെയ്ലാബിയ ഗ്രാമത്തിനു നേരെ വീണ്ടും വംശീയ ആക്രമണം നടന്നു. ആറുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് അയല്‍ഗ്രാമമായ അല്‍-ഖലാഅയിലെ മുസ്ലീം തീവ്രസംഘങ്ങള്‍ ഈ ഗ്രാമത്തിനു നേരെ ആക്രമണം നടത്തുന്നത്. സംഭവത്തെ തുടര്‍ന്ന് സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് പ്രദേശവാസികളും പ്രാദേശിക വൈദികരും ആവശ്യപ്പെട്ടു.

ഗ്രാമത്തിലെ ഒരു കടയുടമയെ ഭീഷണിപ്പെടുത്താന്‍ അല്‍-ഖലാഅയില്‍ നിന്നുള്ള ചില ചെറുപ്പക്കാര്‍ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം. എന്നാല്‍, ഗ്രാമത്തിലെ മറ്റ് യുവാക്കള്‍ കടയുടമയുടെ രക്ഷയ്ക്കെത്തുകയും അക്രമികളെ തുരത്തുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ മൂന്നിന് രാത്രിയില്‍ കൂടുതല്‍ ആയുധങ്ങളുമായി വന്‍സംഘമായി തിരിച്ചെത്തിയ അക്രമികള്‍ വീടുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഒരു ഗ്രീക്ക് ഓര്‍ത്തഡോക്‌സ് വൈദികനു നേരെയും അക്രമികള്‍ വെടിയുതിര്‍ത്തെങ്കിലും പരിക്കേല്‍ക്കാതെ അദ്ദേഹം രക്ഷപെട്ടു. 

വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം ആരംഭിക്കുകയും ആക്രമികളില്‍ ചിലരെയും രണ്ട് ക്രൈസ്തവ യുവാക്കളെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

 യുവാക്കളെ രണ്ട് ദിവസത്തിനു ശേഷം വിട്ടയച്ചു. അതേസമയം, ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുമുന്‍പ് ഇതേ രീതിയില്‍ അല്‍-ഖലാഅയില്‍ നിന്നുള്ള സംഘം ഗ്രാമത്തില്‍ ആക്രമണം നടത്തിയിരുന്നു

. ഗ്രാമത്തിലെ ഒരു യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പ്രദേശവാസികളെ വടികളും കത്തികളുമായി എത്തിയ സംഘം ആക്രമിക്കുകയും കടകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു.

അല്‍-സുഖെയ്ലാബിയയില്‍ ഉണ്ടായ വര്‍ഗീയ അക്രമസംഭവങ്ങളെ ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് ശക്തമായി അപലപിച്ചു.

 ദുര്‍ബല വിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സിറിയന്‍ ഭരണകൂടം തയ്യാറാകണമെന്നും, വര്‍ഗീയ പ്രചാരണങ്ങള്‍ക്കും വിദ്വേഷപ്രസംഗങ്ങള്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കാന്‍ അന്താരാഷ്ട്ര സമൂഹം സിറിയന്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
 

Tags

Share this story

From Around the Web