നൈജീരിയയില്‍ വീണ്ടും ആക്രമണം 24 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
അബുജ: മധ്യ നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 24 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.
പ്ലാറ്റോ സ്റ്റേറ്റ് ഗവര്‍ണര്‍ കാലെബ് മുത്ഫ്വാങ്ങിന്റെ സ്വദേശമായ മംഗു കൗണ്ടിയിലുള്ള ബിന്‍ എംപര്‍ ഗ്രാമത്തിലാണ് 18-ന് പുലര്‍ച്ചെ ആക്രമണം നടന്നത്.
ഫുലാനി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കൊല്ലപ്പെട്ട 24 ക്രൈസ്തവരുടെ സംസ്‌കാര ചടങ്ങുകള്‍ പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടന്നു.
പ്ലാറ്റോ സര്‍ക്കാര്‍ ആക്രമണത്തെ അപലപിക്കുകയും ജനങ്ങളോട് സമാധാനം പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കുറ്റവാളികളെ കണ്ടെത്താന്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രശ്നബാധിത പ്രദേശങ്ങളില്‍ നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാന്‍ ഗവര്‍ണര്‍ കാലെബ് മുത്ഫ്വാങ് സുരക്ഷാ സേനയ്ക്ക് നിര്‍ദ്ദേശം നല്‍കി.
നൈജീരിയയിലെ പ്ലാറ്റോ സംസ്ഥാനത്ത് കര്‍ഷക ഗ്രാമങ്ങള്‍ക്കും ജനവാസ മേഖലകള്‍ക്കും നേരെ ആവര്‍ത്തിച്ചുണ്ടാകുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണ് ഈ ആക്രമണമെന്ന് പ്രാദേശിക കൂട്ടായ്മയായ മ്വാഗവുല്‍ യൂത്ത് നാഷണല്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
കൃഷിഭൂമികള്‍ കൈയടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഫുലാനി വിഭാഗത്തിലുള്ള എല്ലാവരും പ്രശ്നക്കാരല്ലെന്നും മ്വാഗവുല്‍ യൂത്ത് നാഷണല്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോനാഥന്‍ കയ്സ്മാംഗ് പറഞ്ഞു.