ടോള്‍ പ്ലാസയ്ക്ക് 20 കി.മീ ചുറ്റളവിലുള്ളവര്‍ക്ക് വാര്‍ഷിക പാസ്; 1,500 രൂപയ്ക്ക് ആനുകൂല്യം, ആര്‍ക്കൊക്കെ ലഭിക്കും?

 
TOLL


ദേശീയപാതകളിലെ ടോള്‍ പ്ലാസകളുടെ 20 കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്ന അര്‍ഹരായ സ്വകാര്യ വാഹന ഉടമകള്‍ക്കായി പുതിയ ഇളവുകളോടെയുള്ള വാര്‍ഷിക ടോള്‍ പാസ് പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 


ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത് നഗര പരിധിക്കുള്ളിലാണോ അതോ പുറത്താണോ എന്നതിനെ അടിസ്ഥാനമാക്കിയാണ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. 2026 നവംബര്‍ 1 മുതല്‍ നിലവില്‍ വരുന്ന ഈ പദ്ധതി പ്രകാരം നഗര പരിധിക്ക് പുറത്തുള്ള ടോള്‍ പ്ലാസകള്‍ക്ക് സമീപത്തുള്ളവര്‍ക്ക് 1,500 രൂപയ്ക്കും നഗര പരിധിക്കുള്ളിലെ പ്ലാസകള്‍ക്ക് സമീപമുള്ളവര്‍ക്ക് 3,000 രൂപയ്ക്കും വാര്‍ഷിക പാസ് ലഭ്യമാകും.

റോഡ് ഗതാഗത  ഹൈവേ മന്ത്രാലയം ഒക്ടോബര്‍ 26-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് പുതിയ പാസ് വ്യവസ്ഥകള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ആനുകൂല്യം ലഭിക്കുന്നതിന് ചില കര്‍ശന നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ക്ലോസ്ഡ് യൂസര്‍ ഫീ കളക്ഷന്‍ സിസ്റ്റമുള്ള ദേശീയപാതകളിലോ എക്സ്പ്രസ് വേകളിലോ പദ്ധതി ലഭ്യമാകില്ല. കൂടാതെ, യാത്രാ ആവശ്യങ്ങള്‍ക്കായി ബദല്‍ റോഡുകളോ സര്‍വീസ് റോഡുകളോ ലഭ്യമായിട്ടുള്ള പ്രദേശങ്ങളിലും ഈ വാര്‍ഷിക പാസ് ബാധകമായിരിക്കില്ല.


വാണിജ്യേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന, കൃത്യമായി പ്രവര്‍ത്തിക്കുന്ന ഫാസ്ടാഗുള്ള സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യത്തിന് അര്‍ഹതയുള്ളത്. ഈ വാര്‍ഷിക പാസ് നിര്‍ദ്ദിഷ്ട ടോള്‍ പ്ലാസയില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ എന്നും, രാജ്യത്തുടനീളമുള്ള എല്ലാ ടോള്‍ പ്ലാസകള്‍ക്കുമുള്ള പാസല്ല ഇതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 


ടോള്‍ പ്ലാസകള്‍ക്ക് സമീപം താമസിക്കുന്ന പ്രദേശവാസികള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കുന്നതാണ് ഈ കേന്ദ്ര തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

Tags

Share this story

From Around the Web