കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റ് പിഴവ്: വിശദീകരണം തേടി റെയില്‍വേ, സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് പിഴവുണ്ടായെന്ന് കണ്ടെത്തിയിരുന്നു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ അനൗണ്‍സ്‌മെന്റില്‍ പിഴവ് വന്ന സംഭവത്തില്‍ വിശദീകരണം തേടി റെയില്‍വേ. സംഭവത്തില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന് പിഴവുണ്ടായെന്ന് കണ്ടെത്തിയിരുന്നു.
ഒന്നാം പ്ലാറ്റ്ഫോമില്‍ പരശുരാം എക്‌സ്പ്രസിനായി കാത്തുനിന്ന യാത്രക്കാരോട് പെട്ടെന്ന് മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് മാറാന്‍ അനൗണ്‍സ്‌മെന്റിലൂടെ നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് യാത്രക്കാര്‍ ലഗേജുകളുമായി ട്രാക്ക് മുറിച്ചുകടന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്ക് ഓടി.
തൊട്ടുപിന്നാലെ ട്രെയിന്‍ ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തന്നെ വരുമെന്ന് വീണ്ടും അനൗണ്‍സ്‌മെന്റ് വന്നതോടെ യാത്രക്കാര്‍ വീണ്ടും ഒന്നാം പ്ലാറ്റ്ഫോമിലേക്ക് തിരികെ ഓടേണ്ടി വന്നു. പ്ലാറ്റ്ഫോമിന്റെ ഉയരം കൂടിയ ഭാഗത്ത് കൂടി ലഗേജുകളുമായി ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ കയറിയത്. സംഭവത്തില്‍ അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ഈ ഗുരുതരമായ വീഴ്ചയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരോട് റെയില്‍വേ വിശദീകരണം തേടിയിട്ടുണ്ട്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജീവ് നാരായണനാണ് ഇതുസംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ടത്.