അഞ്ജു എത്തിയത് ഡ്രൈവിങ് പഠിക്കാൻ, സമയം കഴിഞ്ഞും നിന്നു- പൈതൽമലയിൽ മിന്നലേറ്റ് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
കണ്ണൂർ: പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പുതിയതായി വാങ്ങിയ സ്കൂട്ടറിൽ ഡ്രൈവിങ് പരിശീലനത്തിനായി എത്തിയ അഞ്ജു മാത്യുവും ഭർത്താവും നിശ്ചിത സന്ദർശന സമയം കഴിഞ്ഞും മലയിൽ തുടർന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
സംഭവദിവസം കാപ്പിമലയിൽ വാഹനം വെച്ചശേഷം മലകയറിയ ദമ്പതികൾ, സന്ദർശന സമയം കഴിഞ്ഞിട്ടും മടങ്ങിയിരുന്നില്ല. സമയം അതിക്രമിച്ചിട്ടും സഞ്ചാരികൾ മലമുകളിൽ തുടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന്, ഇവരെ തിരിച്ചയക്കാൻ വാച്ചർ സതീശൻ അങ്ങോട്ടേക്ക് ചെല്ലുകയായിരുന്നു. ഈ സമയത്താണ് വൈകിട്ട് നാലരയോടെ ഇടിമിന്നലേറ്റത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് അനുവദിച്ചിരിക്കുന്ന സമയം കർശനമായി പാലിക്കണമെന്ന മുന്നറിയിപ്പ് അവഗണിച്ചതാണ് ദാരുണമായ അപകടത്തിന് വഴിയൊരുക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് പിന്നാലെ പൈതൽമലയിലേക്കുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചു കൊണ്ടുള്ള അധികൃതരുടെ തീരുമാനം അടിയന്തിര പ്രാധാന്യത്തോടെയാണ് നടപ്പാക്കുന്നത്. കനത്ത മഴയും മോശം കാലാവസ്ഥയും നിലനിൽക്കെ ഇത്തരം സാഹസികതകൾ ഒഴിവാക്കണമെന്ന മുന്നറിയിപ്പും ഇതോടെ അധികൃതർ വീണ്ടും ആവർത്തിക്കുന്നു.