അനിൽ മേനോന്റെ കന്നി സ്പേസ്‌വാക്ക് വിജയം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ വൈദ്യുതി ശേഷി വർധിപ്പിക്കാൻ നാസയുടെ നിർണായക ദൗത്യം

 
anil menon

വാഷിംഗ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ (ISS) വൈദ്യുതി ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി നാസയുടെ രണ്ട് ബഹിരാകാശ സഞ്ചാരികൾ വിജയകരമായി സ്പേസ്‌വാക്ക് (EVA) പൂർത്തിയാക്കി. 6 മണിക്കൂർ 27 മിനിറ്റ് നീണ്ട ദൗത്യത്തിൽ ഇന്ത്യൻ വംശജനായ അനിൽ മേനോന്റെ കന്നി സ്പേസ്‌വാക്കും ഉൾപ്പെടുന്നു. പുതിയ ISS Roll-Out Solar Array (iROSA) സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള അവസാന മൗണ്ടിങ് ഹാർഡ്‌വെയർ ഘടിപ്പിക്കുകയായിരുന്നു സഞ്ചാരികളുടെ പ്രധാന ദൗത്യം.

നാസ ബഹിരാകാശ സഞ്ചാരികളായ ജെസിക്ക മെയറും അനിൽ മേനോനും ചേർന്ന് ഓഗസ്റ്റ് 6-നാണ് ഈ നിർണായക ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ബഹിരാകാശ നിലയത്തിന്റെ എട്ട് പവർ ചാനലുകളിൽ ഒന്നായ 3B പവർ ചാനലിൽ പുതിയ സോളാർ അറേകൾ ഘടിപ്പിക്കുന്നതിനുള്ള ഘടനയാണ് ഇരുവരും ചേർന്ന് സ്ഥാപിച്ചത്.

2021 മുതൽ വിവിധ സ്പേസ്‌വാക്കുകളിലൂടെ ആറ് iROSA സോളാർ അറേകൾ ഇതിനകം നിലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള രണ്ട് അറേകൾ കൂടി ഈ വർഷം അവസാനത്തോടെ ഐഎസ്എസിൽ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മൗണ്ടിങ് ഘടന നിർമ്മിച്ച ശേഷം, ഭാവിയിൽ സ്ഥാപിക്കുന്ന സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി കൈമാറുന്നതിനുള്ള കേബിളുകളും ഇരുവരും വിജയകരമായി കണക്റ്റ് ചെയ്തു. തുടർന്ന്, മൈക്രോമീറ്റിയറോയിഡുകളുടെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നതിനായി പ്രത്യേക മൾട്ടി-ലെയർ ഇൻസുലേഷനും ഘടിപ്പിച്ചു.

പുതിയ iROSA സോളാർ പാനലുകൾ നിലവിലുള്ള പഴയ സോളാർ അറേകളെ പൂർണ്ണമായി മാറ്റിസ്ഥാപിക്കില്ല. പകരം അവയ്ക്കൊപ്പം പ്രവർത്തിച്ച് നിലയത്തിന്റെ വൈദ്യുതി ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുകയാണ് ചെയ്യുന്നത്. 15 വർഷത്തെ സേവനകാലം പിന്നിട്ടതിനാൽ പഴയ സോളാർ പാനലുകളുടെ കാര്യക്ഷമത കുറഞ്ഞിരുന്നു. ഈ പുതിയ സംവിധാനങ്ങൾ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്നതോടെ ഐഎസ്എസിന്റെ മൊത്തം വൈദ്യുതി ഉൽപ്പാദനശേഷി 20 മുതൽ 30 ശതമാനം വരെ വർധിക്കുമെന്നാണ് നാസയുടെ വിലയിരുത്തൽ.

Tags

Share this story

From Around the Web