പരിശുദ്ധ അമ്മയെപ്പോലെ ഉത്ഥിതന്റെ വെളിച്ചവും സമാധാനവും മറ്റുള്ളവരിലേക്കെത്തിക്കാൻ ആഹ്വാനവുമായി അംഗോളയിലെ മുഷീമ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ പാപ്പാ
അംഗോളയിലെ പ്രമുഖ മരിയൻ തീർത്ഥാടനകേന്ദ്രമായ മുഷീമയിലെ പരിശുദ്ധ അമ്മയുടെ സന്നിധിയിൽ എത്തിയ ലീജിയൻ ഓഫ് മേരി അംഗങ്ങൾ ഉൾപ്പെടെയുള്ള മുപ്പതിനായിരത്തോളം ആളുകൾക്ക് മുന്നിൽ അവർക്കൊപ്പം മരിയൻ ജപമാല പ്രാർത്ഥനയർപ്പിക്കാൻ ലഭിച്ച അവസരത്തിലുള സന്തോഷമറിയിച്ചുകൊണ്ടാണ്, ഏപ്രിൽ 19 ഞായറാഴ്ച വൈകുന്നേരം പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണം ആരംഭച്ചത്.
വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ജപമാലയെ, "സഭയുടെ ആരംഭത്തിന്റെ പുതുമ കാത്തുസൂക്ഷിക്കുന്നതും, ആഴത്തിലേക്ക് വലയിറക്കാനുള്ള പരിശുദ്ധാത്മാവിന്റെ ക്ഷണം അനുഭവപ്പെടുന്നതുമായ ക്രൈസ്തവികതയുടെ പ്രാർത്ഥന" എന്ന് റൊസാറിയും വിർജിനിസ് എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ വിശേഷിപ്പിച്ചത് ലിയോ പതിനാലാമൻ പാപ്പാ അനുസ്മരിച്ചു. തനിക്ക് മുന്നിലുള്ള അംഗോളയിലെ ജീവസ്സുറ്റവളും യൗവ്വനയുക്തയുമായ സഭയെ കാണുമ്പോൾ, തന്റെ മുൻഗാമിയായ വിശുദ്ധന്റെ ഈ വാക്കുകൾ പ്രത്യേകമായ വിധത്തിൽ യോജിക്കുന്നതാണെന്ന് തനിക്ക് തോന്നുന്നുവെന്ന് പാപ്പാ പറഞ്ഞു. ഇവിടെ വിശ്വാസത്തിന്റെ പുതുമയും പരിശുദ്ധാത്മാവിന്റെ ശക്തിയും അനുഭവപ്പെടുന്നുണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.
ഒരുപാട് ആളുകൾ തങ്ങളുടെ ജീവിതത്തിന്റെ സുഖദുഃഖങ്ങളുടെ നിമിഷങ്ങളിൽ പ്രാർത്ഥിക്കാനെത്തിയ ഒരു തീർത്ഥാടനകേന്ദ്രമാണിതെന്നും, നിങ്ങളുടെയും, ഇവിടെത്താൻ സാധിക്കാത്തവരുമായ അനേകരുടെയും ഹൃദയങ്ങൾ ചേർന്ന അംഗോളയിലെ സഭയുടെ ഹൃദയത്തെ സജീവമായി നിലനിർത്താനും മിടിപ്പിക്കാനും മുഷീമയിലെ പരിശുദ്ധ അമ്മ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് പാപ്പാ പ്രസ്താവിച്ചു. ഏവരെയും സ്വീകരിക്കുകയും, ശ്രവിക്കുകയും ഏവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നവളാണ് ഈ അമ്മയെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു. മുഷീമയിലെത്താൻ ബുദ്ധിമുട്ടുള്ള തീർത്ഥാടകർ, തങ്ങളുടെ സന്ദേശങ്ങളും അഭ്യർത്ഥനകളും ഭക്തിയുമൊക്കെ കത്തുകളിലൂടെ അറിയിക്കുന്നുണ്ടെന്നതും പാപ്പാ പരാമർശിച്ചു.
ഞായറാഴ്ച അർപ്പിച്ച ജപമാലയിലെ മഹത്വത്തിന്റെ രഹസ്യങ്ങൾ അനുസ്മരിച്ച പാപ്പാ, യേശുവിന്റെ മഹത്വീകരണത്തിൽ നാം നമ്മുടെ ലക്ഷ്യവും, അവന്റെ സ്നേഹത്തിൽ നമ്മുടെ നിയോഗവുമാണ് കാണുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു. നമ്മുടെ പെസഹയായ ക്രിസ്തു, പിതാവിലേക്ക് തിരികെപ്പോകാനുള്ള വഴി കാട്ടിത്തന്നുകൊണ്ട് മരണത്തെ വിജയിച്ചു. ഈയൊരു വഴിയിൽ നമുക്ക് തുണയും താങ്ങും വഴികാട്ടിയുമാകാൻ അവൻ പരിശുദ്ധാത്മാവിനെ നൽകി. പരിശുദ്ധ അമ്മയെപ്പോലെ നമ്മളും സ്വർഗ്ഗത്തിനായി സൃഷ്ടിക്കപ്പെട്ടവരാണെന്ന് ഓർമ്മിപ്പിച്ച പാപ്പാ, നല്ല അമ്മയും വിശുദ്ധിയുടെ മാതൃകയുമായ മാതാവിനെപ്പോലെ ഉത്ഥിതന്റെ വെളിച്ചം നമ്മുടെ സഹോദരീസഹോദരങ്ങളിലേക്കെത്തിക്കാൻ നമുക്ക് കടമയുണ്ടെന്ന് വിശ്വാസികളെ ഓർമ്മിപ്പിച്ചു.
ഈയൊരു തീർത്ഥാടനകേന്ദ്രം അമലോത്ഭവമാതാവിനാണ് സമർപ്പിക്കപ്പെട്ടിരിക്കുന്നതെങ്കിലും, വിശ്വാസികൾ അതിനെ അതിന്റെ ആദ്യനാളുകളിൽത്തന്നെ "ഹൃദയത്തിന്റെ അമ്മയുടെ" തീർത്ഥാടനകേന്ദ്രം എന്നാക്കി നാമകരണം ചെയ്തുവെന്ന്, വിയാന രൂപതാദ്ധ്യക്ഷൻ ബിഷപ് എമിലിയോ സുംബെലേലോയുടെ പ്രഭാഷണത്തെ അധികരിച്ച് അനുസ്മരിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെ ഹൃദയത്തെകുറിച്ച് ചിന്തിക്കാൻ നമുക്ക് ഇത് പ്രേരണ നൽകുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചു. പരിശുദ്ധ അമ്മയെപ്പോലെയും അമ്മയ്‌ക്കൊപ്പവും യേശുവിന്റെ ജീവിതത്തിലെ അസാധാരണമായ സംഭവങ്ങളെക്കുറിച്ച് ധ്യാനിക്കാനുള്ള ഒരു സമയമായിരുന്നു നമ്മൾ നയിച്ച ജപമാലപ്രാർത്ഥനയെന്ന് പാപ്പാ പറഞ്ഞു.
ജപമാല അർപ്പിക്കുന്ന നാം പരിശുദ്ധ അമ്മയെപ്പോലെ ഏവരെയും, പ്രത്യേകിച്ച് പാവപ്പെട്ടവരെ, മാതൃസഹജമായ ഹൃദയത്തോടെ സ്നേഹിക്കേണ്ടതുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, സ്നേഹം ലഭിക്കാത്തവർക്ക് സ്നേഹവും, വിശക്കുന്നവരുടെ വിശപ്പകറ്റാനുള്ളതും, രോഗികൾക്ക് ശുശ്രൂഷയും കുട്ടികൾക്ക് വിദ്യാഭ്യാസവും വയോധികർക്ക് ആശ്വാസവും നൽകാൻ നമുക്ക് സാധിക്കേണ്ടതുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. ഒരു അമ്മ, തന്റെ മക്കൾ വ്യത്യസ്തരാണെങ്കിലും അവരെയെലാം ഒരേപോലെ തന്റെ ഹൃദയം കൊണ്ട് സ്നേഹിക്കുന്നുണ്ട്. അത്തരമൊരു സ്നേഹം മറ്റുളളവർക്ക് നൽകാൻ മുഷീമയിലെ അമ്മയുടെ മുന്നിൽ നമുക്കും പ്രതിജ്ഞ ചെയ്യാമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.
തന്റെ ഹൃദയവികാരങ്ങളാൽ സ്വാധീനിക്കപ്പെട്ട്, തന്നെപ്പോലെ നീതിയും സമാധാനവും എങ്ങും എത്തിക്കാൻ വേണ്ടി പ്രവർത്തിക്കാനാണ് പരിശുദ്ധ അമ്മ നമ്മെ ക്ഷണിക്കുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. മുഷീമയിലെത്തുന്നവർക്കായി വലിയൊരു തീർത്ഥാടനകേന്ദ്രമൊരുക്കുന്നതിനുള്ള പദ്ധതികൾ ഒരുങ്ങുന്നുണ്ടെന്ന് പരാമർശിച്ച പാപ്പാ, മെച്ചപ്പെട്ടതും, സ്വീകാര്യതയുടേതും, അതേസമയം, യുദ്ധങ്ങളും അനീതിയും ദാരിദ്ര്യവും വഞ്ചനയും ഇല്ലാത്തതും, സുവിശേഷമൂല്യങ്ങളാൽ പ്രേരിപ്പിക്കപ്പെട്ട്, പൊതുനന്മയ്ക്കായുള്ള പദ്ധതികളുള്ളതുമായ ഒരു ലോകത്തിനായി പരിശ്രമിക്കാൻ യുവജനങ്ങളെ ക്ഷണിച്ചു.
സ്നേഹമാണ്, യുദ്ധമല്ല വിജയിക്കേണ്ടതെന്നാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നതെന്ന് പറഞ്ഞ പാപ്പാ, ഏവർക്കും മാതാവിന്റെ തഴുകലും ദൈവത്തിന്റെ അനുഗ്രഹങ്ങളും എത്തിക്കുന്ന ദൈവദൂതരായി ഈ തീർത്ഥാടനകേന്ദ്രത്തിൽനിന്ന് നമുക്ക് മടങ്ങാൻ സാധിക്കണമെന്ന് ഉദ്‌ബോധിപ്പിച്ചു.
മുഷീമ മാതാവിനോടുള്ള പ്രാർത്ഥനാഗാനം പറയുന്നതുപോലെ, "ഹൃദയത്തിന്റെ അമ്മെ, ഞങ്ങൾ എല്ലാം അർപ്പിക്കാനായി അങ്ങേക്കരികിൽ വരുന്നു", എന്ന വാക്കുകൾ പ്രാദേശികഭാഷയിൽ ആവർത്തിച്ച പാപ്പാ, "നിന്റെ അരികിൽ നിന്റെ അനുഗ്രഹത്തിനായി അപേക്ഷിക്കാനാണ് ഞങ്ങൾ വന്നിരിക്കുന്നത്" എന്ന വരികൾ ഉദ്ധരിച്ചു.
എല്ലാം പരിശുദ്ധ അമ്മയ്ക്ക് സമർപ്പിക്കാമെന്നും, അവളുടെ ഇടപെടലിലൂടെ മറ്റുളളവരിലേക്ക് എത്തിക്കാനായി ദൈവാനുഗ്രഹങ്ങൾ സ്വീകരിക്കാമെന്നും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.