പി.എസ്.സി. നിയമനം വൈകുന്നതില്‍ കടുത്ത അമര്‍ഷം; തലസ്ഥാനത്ത് തല മുണ്ഡനം ചെയ്ത് എല്‍പിഎസ്ടി ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം

 
LPSA

തിരുവനന്തപുരം: പി.എസ്.സി. നിയമനങ്ങള്‍ അനാവശ്യമായി വൈകുന്നതിലും റാങ്ക് ലിസ്റ്റുകള്‍ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ ഉദ്യോഗാര്‍ഥികളുടെ ശക്തമായ പ്രതിഷേധം. 


എല്‍പിഎസ്ടി റാങ്ക് ലിസ്റ്റ് പുറത്തുവന്ന് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് തല മുണ്ഡനം ചെയ്തുകൊണ്ടാണ് ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധത്തിന് എത്തിയത്.

അര്‍ഹരായ മുഴുവന്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഒഴിവുകള്‍ നികത്തി ഉടന്‍ നിയമനം നല്‍കുക, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനം പി.എസ്.സിക്ക് വിടുക, നിയമനക്കോഴ പൂര്‍ണ്ണമായി അവസാനിപ്പിക്കുക, അധ്യാപക-വിദ്യാര്‍ഥി അനുപാതം 1:25 ആയി പുനര്‍നിര്‍ണ്ണയിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. 


സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ തങ്ങളെ വഞ്ചിക്കുമ്പോള്‍, മറുവശത്ത് എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ക്ക് ശുപാര്‍ശ നല്‍കി വഴിവിട്ട സഹായം ചെയ്യുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു.


വിഷയത്തില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയോ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് ഈ വിഷയം സഭയിലും പുറത്തും ശക്തമായി ഉയര്‍ത്തിക്കാട്ടിയിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം മുഖ്യമന്ത്രി ആയപ്പോള്‍ എന്തുകൊണ്ടാണ് ഇത്രയും അര്‍ഹരായ ഉദ്യോഗാര്‍ഥികളുടെ കണ്ണീര് കാണാത്തതെന്നും അവര്‍ ചോദ്യമുയര്‍ത്തി. 

തങ്ങളുടെ ആവശ്യങ്ങളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കൂടുതല്‍ കടുത്ത സമരമാര്‍ഗ്ഗങ്ങളിലേക്ക് കടക്കുമെന്നും ഉദ്യോഗാര്‍ഥികള്‍ മുന്നറിയിപ്പ് നല്‍കി.

Tags

Share this story

From Around the Web